പരസ്യബോർഡ് ദുരന്തം: ഇഗോ മീഡിയ കമ്പനി ഉടമ ഭാവേഷ് ഭിൻഡെ അറസ്റ്റിൽ

  1. Home
  2. National

പരസ്യബോർഡ് ദുരന്തം: ഇഗോ മീഡിയ കമ്പനി ഉടമ ഭാവേഷ് ഭിൻഡെ അറസ്റ്റിൽ

Bhavesh Bhinde


ഹോർഡിങ് തകർന്നുവീണ് 16 പേർ മരിച്ച സംഭവത്തിൽ ഇഗോ മീഡിയ കമ്പനി ഉടമ ഭാവേഷ് ഭിൻഡെ അറസ്റ്റിൽ. അപകടത്തിൽ നിരവധിപ്പേർക്കു പരുക്കേറ്റിരുന്നു. ഈ സംഭവത്തിലടക്കം 20 കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയവേയാണ് അറസ്റ്റ്. മനപ്പൂർവമല്ലാത്ത നരഹത്യ, പീഡനം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്.

സംഭവം നടന്നയുടനെ ഫോൺ ഓഫ് ചെയ്ത് ഭാവേഷ് ഭിൻഡെ നാടുവിട്ടിരുന്നു. രാജസ്ഥാനിലെ ഉദയ്പുരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തിങ്കളാഴ്ചയായിരുന്നു ഘാട്കോപ്പറിലെ പെട്രോൾ പമ്പിനു മുകളിൽ കൂറ്റൻ പരസ്യബോർഡ് വീണുള്ള ദുരന്തം. മുംബൈ കോർപറേഷന്റെ ഗുരുതരമായ അലംഭാവമാണ് അപകടത്തിനു പിന്നിലെന്ന് ആക്ഷേപമുണ്ട്.

120 അടി വലുപ്പമുള്ള പരസ്യബോർഡ് അനുമതിയില്ലാതെ സ്ഥാപിച്ച ഭാവേഷ് ഭിൻഡെ മുൻപും ഒട്ടേറെ ചട്ടലംഘനങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ, ഒരു നടപടിയുമെടുത്തില്ല. ചട്ടം ലംഘിച്ച് പരസ്യബോർഡുകൾ സ്ഥാപിച്ചതിന് 21 തവണ പിഴ ഈടാക്കിയിട്ടുണ്ടെന്നു പറഞ്ഞ് അപകടത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് ബിഎംസി ശ്രമിക്കുന്നത്. ദുരന്തത്തിൽ മരിച്ച വ്യക്തികളുടെ കുടുംബത്തിന് 5 ലക്ഷം രൂപയും പരുക്കേറ്റവർക്കു ചികിത്സാസഹായവും സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.