ബിജെപി ലക്ഷ്യമിട്ടത് ക്രോസ് വോട്ടിങ്, കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഐക്യം കണ്ടപ്പോള്‍ തന്ത്രം മാറ്റി: മീനാക്ഷി നടരാജന്‍

  1. Home
  2. National

ബിജെപി ലക്ഷ്യമിട്ടത് ക്രോസ് വോട്ടിങ്, കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഐക്യം കണ്ടപ്പോള്‍ തന്ത്രം മാറ്റി: മീനാക്ഷി നടരാജന്‍

meenakshi nadarajan


മധ്യപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ ഭരണകക്ഷിയായ ബിജെപി പൂർണ്ണമായും അട്ടിമറിച്ചതായി കോൺഗ്രസ് നേതാവും സ്ഥാനാര്‍ത്ഥിയുമായിരുന്ന മീനാക്ഷി നടരാജൻ. തെലങ്കാനയിലെ ഒരു കേസുമായി ബന്ധപ്പെട്ട വിഷയം സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു എന്ന് കാണിച്ച് തന്റെ നാമനിർദ്ദേശ പത്രിക തള്ളിയതിന് പിന്നാലെയാണ് ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മീനാക്ഷി രംഗത്തെത്തിയത്.

മധ്യപ്രദേശ് നിയമസഭയിൽ ആവശ്യത്തിന് അംഗബലമില്ലാതിരുന്നിട്ടും ബിജെപി മൂന്നാമതൊരു സ്ഥാനാർത്ഥിയെക്കൂടി രംഗത്തിറക്കിയതാണ് എല്ലാ വിവാദങ്ങൾക്കും കാരണമായതെന്ന് മീനാക്ഷി ചൂണ്ടിക്കാട്ടി. കൂറുമാറ്റത്തിലൂടെയും ക്രോസ് വോട്ടിങ്ങിലൂടെയും വിജയം ഉറപ്പാക്കാമെന്നാണ് ബിജെപി ആദ്യം കരുതിയിരുന്നത്. എന്നാൽ, കോൺഗ്രസ് എംഎൽഎമാരുടെ ശക്തമായ ഐക്യം തകർക്കാൻ കഴിയാതെ വന്നതോടെ അവർ തന്ത്രം മാറ്റുകയായിരുന്നെന്ന് മീനാക്ഷി പറഞ്ഞു. കോൺഗ്രസ് പാളയത്തിൽ വിള്ളലുണ്ടാക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ്, തങ്ങളെ പ്രതിരോധത്തിലാക്കാന്‍ ബിജെപി വ്യാജമായ ഒരു വിഷയം കെട്ടിച്ചമച്ചുണ്ടാക്കിയതെന്നും അവർ ആരോപിച്ചു.

തനിക്കെതിരെ ഉയർന്ന ആരോപണം വെറുമൊരു നിയമപരമായ നോട്ടീസ് മാത്രമാണെന്നും അല്ലാതെ ക്രിമിനൽ കേസല്ലെന്നും മീനാക്ഷി നടരാജൻ വ്യക്തമാക്കി. ഈ പരാതിയിൽ കോടതി ഇതുവരെ തുടർനടപടികൾ സ്വീകരിക്കുകയോ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ല. അതിനാൽ തന്നെ നാമനിർദ്ദേശ പത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ അത്തരം ഒരു നോട്ടീസിനെക്കുറിച്ച് പരാമർശിക്കേണ്ട നിയമപരമായ ബാധ്യത തനിക്കില്ലെന്നാണ് കോൺഗ്രസ് നേതാവിന്റെ വാദം. കുറ്റം ചുമത്തപ്പെട്ട ഒരു ക്രിമിനൽ കേസ് നിലവിലുണ്ടായിരുന്നെങ്കിൽ വിവരങ്ങൾ മറച്ചുവെച്ചു എന്ന് പറയുന്നതിൽ ന്യായമുണ്ടെന്നും, ഇതില്ലാത്ത സാഹചര്യത്തിൽ താൻ എന്ത് വിവരമാണ് ഒളിച്ചുവെച്ചതെന്ന് വ്യക്തമാക്കണമെന്നും അവർ ചോദിച്ചു.

അതേസമയം, പത്രിക തള്ളിയ സംഭവത്തിൽ കോൺഗ്രസ് നേതൃത്വം ഇന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. ഉച്ചയ്ക്ക് 12 മണിക്ക് കോൺഗ്രസ് നേതാക്കൾ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി പത്രിക തള്ളിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടും. കമ്മീഷൻ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം എത്തിയ കെ.സി. വേണുഗോപാൽ അടക്കമുള്ള മുതിർന്ന നേതാക്കളെ തടഞ്ഞ സംഭവം വിവാദമായതോടെയാണ് കമ്മീഷൻ ഇന്ന് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയത്. രാജ്യസഭാ സ്ഥാനാർത്ഥി മീനാക്ഷി നടരാജൻ ക്രിമിനൽ കേസ് വിവരങ്ങൾ മറച്ചുവെച്ചുവെന്ന ബിജെപിയുടെ പരാതിയിലായിരുന്നു നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ പത്രിക തള്ളിയത്.