ബി.ജെ.പിക്ക് തിരിച്ചടി; മണിപ്പൂരിൽ മുൻ എം.എൽ.എ. അടക്കം 4 പേർ കോൺഗ്രസിൽ ചേർന്നു

  1. Home
  2. National

ബി.ജെ.പിക്ക് തിരിച്ചടി; മണിപ്പൂരിൽ മുൻ എം.എൽ.എ. അടക്കം 4 പേർ കോൺഗ്രസിൽ ചേർന്നു

congress


ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മണിപ്പൂരിൽ ബി.ജെ.പിക്ക് തിരിച്ചടിയായി നേതാക്കൾ പാർട്ടി മാറി. മുൻ യായ്സ്‌കുൾ എം.എൽ.എ. എലംഗ്ബം ചന്ദ് സിങ് അടക്കം നാല് പ്രമുഖ ബി.ജെ.പി. നേതാക്കളാണ് ചൊവ്വാഴ്ച കോൺഗ്രസ് പാർട്ടിയിൽ ചേർന്നത്. എലംഗ്ബമിനെക്കൂടാതെ ബി.ജെ.പി. നേതാവ് സഗോൽസെം അചൗബ സിങ്, അഡ്വ. ഒയ്നാം ഹേമന്ദ സിങ്, തൗഡം ദേബദത്ത സിങ് എന്നിവരാണ് ബി.ജെ.പി. വിട്ട് കോൺഗ്രസിൽ ചേർന്നത്. തിങ്കളാഴ്ചയാണ് ഇവരുടെ പാർട്ടിമാറ്റം സംബന്ധിച്ച വാർത്തകൾ പുറത്തുവന്നത്.

ചൊവ്വാഴ്ച രാവിലെ മണിപ്പൂരിലെ ഇംഫാലിലുള്ള കോൺഗ്രസ് ഭവനിൽ നടന്ന ചടങ്ങിൽ ഡോ. അംഗോംചാ ബിമോൽ അകോയ്ജാം ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥിയാണ് അംഗോംചാ.

സമത്വത്തിന് വേണ്ടി നിലകൊണ്ടിട്ടുള്ള ചരിത്രമാണ് മണിപ്പൂരിന്റേത്. പണവും അക്രമവും കൊണ്ട് നാടിന്റെ സമാധാനപരമായ ജീവിതത്തെ തകർക്കാൻ ശ്രമിക്കുന്ന പുറംശക്തികളെ തള്ളിക്കളയണം. സംസ്ഥാനത്തിന്റെ വികസനത്തിനും നന്മയ്ക്കുംവേണ്ടി നല്ല സ്ഥാനാർഥിയെ വിജയിപ്പിച്ചുവിടേണ്ട ആവശ്യകതയെക്കുറിച്ചും അകോയ്ജാം ചടങ്ങിൽ സംസാരിച്ചു.