രാംലീലാ റാലിക്കെതിരെ ബിജെപി പടയൊരുക്കം; കോൺഗ്രസിനെതിരെ അമിത് ഷായുടെയും നദ്ദയുടെയും വിമർശനം

  1. Home
  2. National

രാംലീലാ റാലിക്കെതിരെ ബിജെപി പടയൊരുക്കം; കോൺഗ്രസിനെതിരെ അമിത് ഷായുടെയും നദ്ദയുടെയും വിമർശനം

image


കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2029ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തുറന്നുകാട്ടപ്പെടുമെന്ന് അമിത് ഷാ പറഞ്ഞു. ഡൽഹിയിലെ വ്യാപാരികളുടെ കച്ചവടം തകർത്ത കോൺഗ്രസ്, അടുത്ത അഞ്ചുവർഷം കൂടി പ്രതിപക്ഷത്തിരിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്നും അദ്ദേഹം പരിഹസിച്ചു. അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിൽ പോലും രാഹുൽ ഗാന്ധിക്ക് അധികാരത്തിലെത്താനാകില്ലെന്നും അമിത് ഷാ പറഞ്ഞു.

കോൺഗ്രസിനെതിരെ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനും രംഗത്തെത്തി. ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തവരാണ് കോൺഗ്രസെന്നും രാജ്യത്തെ 140 കോടി ജനങ്ങളെക്കാൾ മൂന്ന് കോടി നുഴഞ്ഞുകയറ്റക്കാരെയാണ് പാർട്ടി വിശ്വസിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പുകളിൽ വിജയിക്കുമ്പോൾ ജനാധിപത്യം വിജയിച്ചെന്ന് പറയുന്ന കോൺഗ്രസ്, പരാജയപ്പെടുമ്പോൾ ജനാധിപത്യം അപകടത്തിലാണെന്ന് പ്രചരിപ്പിക്കുകയാണെന്നും നിതിൻ നബീൻ കുറ്റപ്പെടുത്തി. ഗാന്ധി കുടുംബത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ച് ജനാധിപത്യത്തെ നിയന്ത്രിക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

രാംലീലാ മൈതാനിയിലെ കോൺഗ്രസ് റാലിക്കെതിരെ ബിജെപി നേതാവ് ജെ.പി. നദ്ദയും രംഗത്തെത്തി. രാജ്യത്ത് അശാന്തിയും അരാജകത്വവും സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഉത്സവകാലത്ത് ഡൽഹിയിൽ വൻ ജനക്കൂട്ടത്തെ എത്തിച്ച് വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയാണ് റാലിയുടെ ലക്ഷ്യമെന്നും നദ്ദ പറഞ്ഞു.

വ്യാപാരികൾ നേതാക്കൾക്ക് കത്തയച്ചിട്ടും അത് പരിഗണിക്കാതെയാണ് കോൺഗ്രസ് മുന്നോട്ടുപോയതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യാസഖ്യത്തിലെ മറ്റ് കക്ഷികൾക്കും ഇതിൽ പങ്കുണ്ടോയെന്നും നദ്ദ ചോദിച്ചു. രാജ്യത്തിന്റെ വികസനമല്ല, നാശമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കലാപ രാഷ്ട്രീയമല്ല, ഭരണഘടനയും ജനവിധിയുമാണ് ഇന്ത്യയെ നയിക്കുന്നതെന്നും രാംലീലാ റാലി കോൺഗ്രസിന്റെ രാഷ്ട്രീയ തകർച്ചയ്ക്ക് ആക്കം കൂട്ടുമെന്നും നദ്ദ അവകാശപ്പെട്ടു.