ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദിയുടെ ബാല്യകാല സിനിമ പ്രദർശിപ്പിക്കാൻ ബിജെപി
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബാല്യകാലത്തെ ആസ്പദമാക്കിയ 'ചലോ ജീത്തേ ഹേൻ' എന്ന ഹ്രസ്വചിത്രം സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലും പ്രദർശിപ്പിക്കാൻ ബിജെപി .
രാഷ്ട്രീയത്തിന്റെ യഥാർത്ഥ ലക്ഷ്യം സേവനമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് സിനിമ പ്രദർശിപ്പിക്കുന്നതിലൂടെ ബിഹാർ ബിജെപിയുടെ ലക്ഷ്യം.ഇതിനായി വലിയ സ്‌ക്രീനുകളുള്ള 243 വാനുകൾ തയ്യാറാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി മോദിയുടെ 75-ാം ജന്മദിനം 'സേവന പക്ഷാചരണ'മായി ആഘോഷിക്കുന്നതിന്റെ ഭാഗമായി പട്‌നയിലെ ഗാന്ധി മൈതാനത്ത് നിന്ന് ഈ 'സേവാ രഥ' വാഹനങ്ങൾ ഫ്‌ളാഗ് ഓഫ് ചെയ്തതിന്റെ വിവരങ്ങൾ ബിഹാർ ബിജെപിയുടെ എക്‌സ് ഹാൻഡിലിൽ പങ്കുവെച്ചു.
വരും ദിവസങ്ങളിൽ ഈ രഥങ്ങൾ ബിഹാറിലെ ഓരോ ഗ്രാമത്തിലും ഓരോ തെരുവിലും ഓരോ പ്രദേശത്തും എത്തും. രാഷ്ട്രീയത്തിന്റെ യഥാർത്ഥ ലക്ഷ്യം കേവലം അധികാരമല്ല, മറിച്ച് സമൂഹത്തിനുള്ള സേവനവും അവസാനത്തെ വ്യക്തിയിലേക്ക് വരെ മാറ്റം എത്തിക്കലുമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും എന്നും ബിജെപി എക്‌സ് ഹാൻഡിലിൽ കുറിച്ചു.
