ബിഹാറിൽ ഗംഗാ നദിയിൽ ബോട്ട് മറിഞ്ഞു അപകടം; 11 മരണം
ബിഹാറിലെ ഹാജിപൂർ ജില്ലയിലുണ്ടായ ദാരുണമായ ബോട്ട് അപകടത്തിൽ 11 പേർ മരിച്ചു. റാംപൂർ ശ്യാംചന്ദ് ഗ്രാമത്തിന് സമീപം ഗംഗാ നദിയിലാണ് അപകടമുണ്ടായത്. ഇരുപതോളം ആളുകളുമായി സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. അപകടത്തിൽപ്പെട്ട അഞ്ച് പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. രാഘോപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
വിരുന്നിൽ പങ്കെടുക്കാനായി പോയ ഗ്രാമവാസികളാണ് അപകടത്തിൽപ്പെട്ടത്. 11 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും അഞ്ച് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായും വൈശാലി ജില്ലാ മജിസ്ട്രേറ്റ് സ്ഥിരീകരിച്ചു. കാണാതായ മറ്റുള്ളവർക്കായി പോലീസും ദുരന്തനിവാരണ സേനയും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
