സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിൽ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി
സ്വാതന്ത്ര്യദിനത്തിൽ രാജ്യതലസ്ഥാനമായ ഡൽഹിയിൽ എട്ടിടങ്ങളിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. ഖലിസ്ഥാൻ സംഘടനയുടെ പേരിലാണ് വെള്ളിയാഴ്ച ഇമെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്. ഡൽഹി ഹൈക്കോടതിയും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളവും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് 2.11ന് ഡൽഹി ഹൈക്കോടതിയിൽ സ്‌ഫോടനം നടത്തുമെന്നാണ് സന്ദേശത്തിലുള്ളത്. ഹൈക്കോടതിയിൽ സ്‌ഫോടനം നടന്ന് ഒരു മണിക്കൂറിന് ശേഷം ജില്ലാ കോടതികളിലും സ്‌ഫോടനം നടത്തുമെന്നും സന്ദേശത്തിൽ പറയുന്നു. ഖലിസ്ഥാൻ സംഘടനയുടെ അംഗങ്ങൾ ഡൽഹിയിൽ എത്തിയതായും ഭീഷണി സന്ദേശത്തിൽ അവകാശപ്പെടുന്നുണ്ട്.
ജാംനഗർ ഹൗസ്, ഝണ്ഡേവാലൻ ബിൽഡിങ്, സാകേത് ഓഫീസ്, ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസ്, ഡൽഹി കന്റോൺമെന്റ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഓഫീസ് എന്നിവിടങ്ങളിലും സ്‌ഫോടനം നടത്തുമെന്ന് ഭീഷണിയുണ്ട്. ഡൽഹി മെട്രോയെയും അംബാലയിലേക്കുള്ള ട്രെയിനുകളെയും ലക്ഷ്യമിടുമെന്നും സന്ദേശത്തിൽ പറയുന്നു.
ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. ഭീഷണി ഉയർന്ന എല്ലാ സ്ഥലങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇതുവരെ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. മുൻകരുതലിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ അഗ്‌നിരക്ഷാസേനയെയും വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
