അമിതാഭ് ബച്ചന് നേരെ വീണ്ടും ബോംബ് ഭീഷണി; മുംബൈയിൽ അതീവ ജാഗ്രത

  1. Home
  2. National

അമിതാഭ് ബച്ചന് നേരെ വീണ്ടും ബോംബ് ഭീഷണി; മുംബൈയിൽ അതീവ ജാഗ്രത

amithabh bachchan


മുംബൈയിലെ പ്രമുഖ കേന്ദ്രങ്ങളിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് വീണ്ടും ഭീഷണി സന്ദേശം. ബോംബെ ഹൈക്കോടതിയിലേക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, വോർലി റേസ്‌കോഴ്‌സ്, ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വസതിയായ 'ജൽസ' എന്നിവ തകർക്കുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. സംഭവത്തെ തുടർന്ന് മുംബൈയിലാകെ അതീവ ജാഗ്രത പ്രഖ്യാപിക്കുകയും പൊലീസ് അന്വേഷണം ശക്തമാക്കുകയും ചെയ്തു.

സമാനമായ രീതിയിൽ കഴിഞ്ഞ മാസവും മുംബൈയിൽ ബോംബ് ഭീഷണി ഉണ്ടായിരുന്നു. ഒക്ടോബർ 23-ന് മുംബൈ മേയർ റിതു താവ്‌ഡെയുടെ ഓഫീസിലേക്ക് ലഭിച്ച ഇമെയിൽ സന്ദേശത്തിൽ ബി.എം.സി ആസ്ഥാനം, അമിതാഭ് ബച്ചന്റെ വസതി, ഗായകൻ ദിൽജിത് ദോസഞ്ജിന്റെ സംഗീത പരിപാടി നടക്കേണ്ട സ്ഥലം എന്നിവിടങ്ങളിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

ഭീഷണിയെ തുടർന്ന് കനത്ത സുരക്ഷ ഏർപ്പെടുത്തിയെങ്കിലും, തന്റെ വസതിക്ക് മുന്നിൽ ആരാധകരെ കാണുന്ന പതിവ് അമിതാഭ് ബച്ചൻ ഒഴിവാക്കിയില്ല. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വലയത്തിന് ഉള്ളിൽ നിന്നാണ് അദ്ദേഹം ആരാധകരുമായി കൂടിക്കാഴ്ച നടത്തിയത്. മുൻപ് താരം ടൈഗർ ഷ്രോഫിന് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ തുടങ്ങിയ മുൻനിര താരങ്ങളുടെ സുരക്ഷ മുംബൈ പൊലീസ് വർധിപ്പിച്ചിരുന്നു.