ലൈംഗിക പീഡന പരാതി: ബ്രിജ് ഭൂഷൺ ശരൺ സിങിനെ കുറ്റവിമുക്തനാക്കി
വനിതാ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗിക പീഡന പരാതിയിൽ, ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും മുൻ ബിജെപി ലോക്‌സഭാംഗവുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ ഡൽഹി റൗസ് അവന്യൂ കോടതി കുറ്റവിമുക്തനാക്കി. ആറ് വനിതാ ഗുസ്തി താരങ്ങൾ നൽകിയ പരാതിയിലാണ് കോടതി വിധി.
2023 ഏപ്രിലിലാണ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 2024 ജൂലൈയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. റൗസ് അവന്യൂ കോടതിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അശ്വനി പൻവാർ കേസിലെ വിധി പറയുന്നതിനായി ഓഗസ്റ്റ് 3-ലേക്ക് മാറ്റിവെച്ചിരിക്കുകയായിരുന്നു. കുറ്റപത്രം സമർപ്പിച്ചതിന് മൂന്ന് വർഷത്തിന് ശേഷമാണ് കോടതി അന്തിമവിധി പ്രഖ്യാപിച്ചത്.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായിരുന്ന കാലത്ത് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. ഒളിമ്പ്യൻമാരായ സാക്ഷി മാലിക്, ബജ്രംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവരടക്കം പ്രമുഖ ഗുസ്തി താരങ്ങൾ ഡൽഹിയിൽ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകിയിരുന്നു.
