ബൈജു രവീന്ദ്രൻ ദുബായിലേക്ക് കടന്നെന്ന് സൂചന; ലുക്കൗട്ട് നോട്ടീസിന് മുമ്പേ രാജ്യം വിട്ടെന്ന് വിവരം

  1. Home
  2. National

ബൈജു രവീന്ദ്രൻ ദുബായിലേക്ക് കടന്നെന്ന് സൂചന; ലുക്കൗട്ട് നോട്ടീസിന് മുമ്പേ രാജ്യം വിട്ടെന്ന് വിവരം

byju-raveendran


ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രൻ ദുബായിലേക്ക് കടന്നെന്ന് സൂചന. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ലുക്കൗട്ട് സർക്കുലർ നിലനിൽക്കെയാണ് ബൈജു രവീന്ദ്രൻ രാജ്യംവിട്ടത്. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുമ്പേതന്നെ ബൈജു രാജ്യംവിട്ടെന്നാണ് വിവരം.

രാജ്യംവിടാതിരിക്കാൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ബ്യൂറോ ഓഫ് എമിഗ്രേഷനോട് ഇ.ഡി. നിർദേശിക്കുകയായിരുന്നു. നേരത്തെതന്നെ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് സർക്കുലറുണ്ട്. ഇഡിയുടെ കൊച്ചി ഓഫീസിന്റെ നിർദേശത്തെ തുടർന്നായിരുന്നു ഇത്. എന്നാൽ, ഏജൻസിയുടെ അന്വേഷണം പിന്നീട് ബെംഗളുരു ഓഫീസിലേയ്ക്ക് മാറ്റുകയായിരുന്നു.

ഫെമ പ്രകാരം 9,362.35 കോടി രൂപയുടെ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം നവംബറിൽ ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിനും ബൈജു രവീന്ദ്രനും ഇ.ഡി കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ബൈജുവിന് ലഭിച്ച വിദേശനിക്ഷേപങ്ങളെയും കമ്പനിയുടെ ബിസിനസ് രീതികളെയും കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.

ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ബോർഡിനെ പുറത്താക്കാൻ വെള്ളിയാഴ്ച മാർക്ക് സക്കർബർഗ് അടക്കമുള്ള നിക്ഷേപകരുടെ അസാധാരണ പൊതുയോഗം വിളിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ലുക്കൗട്ട് നോട്ടീസും ബൈജുവിന്റെ രാജ്യംവിടലും.