കോടതി അലക്ഷ്യം: ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് സിങ്കപ്പുരിൽ ആറ് മാസം തടവ് ശിക്ഷ
പ്രമുഖ എജുടെക് കമ്പനിയായ ബൈജൂസിന്റെ (Byju's) സ്ഥാപകൻ ബൈജു രവീന്ദ്രന് സിങ്കപ്പുർ കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. കോടതി ഉത്തരവുകൾ ആവർത്തിച്ച് ലംഘിച്ചതിനെത്തുടർന്നുള്ള കോടതി അലക്ഷ്യ (Contempt of court) നടപടിയിലാണ് ശിക്ഷ. ബ്ലൂംബെർഗ് ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തുന്നത് മായി ബന്ധപ്പെട്ട് 2024 ഏപ്രിൽ മുതൽ സിങ്കപ്പുർ കോടതി പുറപ്പെടുവിച്ച നിരവധി ഉത്തരവുകൾ ബൈജു രവീന്ദ്രൻ ലംഘിച്ചതായി കോടതി കണ്ടെത്തി. ശിക്ഷാവിധിയുടെ ഭാഗമായി അധികൃതർക്ക് മുന്നിൽ കീഴടങ്ങാനും, 90,000 സിങ്കപ്പുർ ഡോളർ (ഏകദേശം 70,500 യു.എസ് ഡോളർ) നിയമപരമായ ചിലവുകളായി കെട്ടിവെക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഒരു അനുബന്ധ കമ്പനിയിലെ ഓഹരികൾ കൈവശം വെച്ചിരുന്ന 'ബിയാർ ഇൻവെസ്റ്റ്കോ പ്രൈവറ്റ് ലിമിറ്റഡ്' (Beeaar Investco Pte) എന്ന സ്ഥാപനത്തിന്റെ നിയമപരമായ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ (QIA) ഉപകമ്പനിയാണ് ബൈജുവിനെതിരെ സിങ്കപ്പുരിൽ നിയമനടപടിയുമായി മുന്നോട്ട് പോയത്. നിലവിൽ അമേരിക്ക ഉൾപ്പെടെയുള്ള വിവിധ വിദേശ രാജ്യങ്ങളിലെ നിക്ഷേപകരും വായ്പ നൽകിയവരും ഫണ്ട് തിരിമറിയും കുടിശ്ശികയും ആരോപിച്ച് ബൈജുവിനെതിരെ ആഗോളതലത്തിൽ നിയമപോരാട്ടം നടത്തുന്നുണ്ട്.
പ്രതികരണവുമായി ബൈജു രവീന്ദ്രൻ
കോടതി വിധിക്ക് പിന്നാലെ വിശദീകരണവുമായി ബൈജു രവീന്ദ്രൻ രംഗത്തെത്തിയിട്ടുണ്ട്. തന്നെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന രീതിയിലാണ് ഈ വാർത്തകൾ പുറത്തുവരുന്നതെന്നും ഇതിൽ നിരാശയുണ്ടെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. വായ്പക്കാരുമായുള്ള തർക്കങ്ങൾ ഒത്തുതീർപ്പിലേക്ക് നീങ്ങുന്ന നിർണ്ണായക ഘട്ടത്തിൽ സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ഈ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. തർക്കങ്ങൾ സൗഹാർദ്ദപരമായി പരിഹരിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
