സി. ജോസഫ് വിജയിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കാനുള്ള പ്രചാരണം; കോൺഗ്രസിൽ അതൃപ്തി

  1. Home
  2. National

സി. ജോസഫ് വിജയിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കാനുള്ള പ്രചാരണം; കോൺഗ്രസിൽ അതൃപ്തി

VIJAY


തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ 2029ലെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്ന പ്രചാരണത്തിൽ കടുത്ത അതൃപ്തിയുമായി കോൺഗ്രസ്. രാഹുൽ ഗാന്ധിയെ മാത്രമേ പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കൂ എന്നാണ് കോൺഗ്രസ് നിലപാട്. ടിവികെ നിലപാട് മാറ്റിയില്ലെങ്കിൽ മന്ത്രിമാർ രാജിവെക്കുമെന്ന മുന്നറിയിപ്പും കോൺഗ്രസ് നേതൃത്വം നൽകിയിട്ടുണ്ട്.

അടുത്തിടെ നിയമസഭയിൽ മന്ത്രി ഡി. ശരത്കുമാറാണ് സി. ജോസഫ് വിജയ് പ്രധാനമന്ത്രിയാകണമെന്ന ആവശ്യം ഉന്നയിച്ചത്. പിന്നാലെ ടിവികെയിലെ മുതിർന്ന മന്ത്രിമാരടക്കം വിവിധ വേദികളിൽ ഇതേ നിലപാട് ആവർത്തിച്ചു. തൂത്തുക്കുടിയിൽ 2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി സി. ജോസഫ് വിജയ് എന്നെഴുതിയ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

അതിനിടെ, അടുത്തിടെ പുറത്തുവന്ന പ്രധാനമന്ത്രി സ്ഥാനാർഥിയെക്കുറിച്ചുള്ള മാധ്യമ സർവേയിലും സി. ജോസഫ് വിജയ് മൂന്നാം സ്ഥാനത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും പിന്നിലായി ഒൻപത് ശതമാനം പേരുടെ പിന്തുണയാണ് വിജയിക്ക് ലഭിച്ചതെന്നാണ് സർവേ ഫലം. ഇതിന് പിന്നാലെയാണ് കോൺഗ്രസ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത്.

സർവേയെ പരിഹസിച്ച് പിസിസി അധ്യക്ഷൻ മാണിക്കം ടാഗോറും രംഗത്തെത്തി. ആനയെയും സിംഹത്തെയും തമ്മിൽ തെറ്റിക്കാൻ കുറുക്കൻ വ്യാജ സർവേയുമായി രംഗത്തെത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. പിന്നാലെ കോൺഗ്രസ് മന്ത്രി രാജേഷ് കുമാറും നിലപാട് വ്യക്തമാക്കി. രാഹുൽ ഗാന്ധിയെ മാത്രമേ പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കൂ എന്നും അല്ലാത്തപക്ഷം രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പ്രതികരണങ്ങൾക്ക് ശക്തമായ മറുപടിയുമായി ടിവികെയും രംഗത്തെത്തി. അറുപത് വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനം ലഭിച്ചത് സി. ജോസഫ് വിജയ് കാരണമാണെന്നാണ് ടിവികെയുടെ വാദം. ഇതോടെ സഖ്യത്തിനുള്ളിലെ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തെച്ചൊല്ലിയുള്ള തർക്കം കൂടുതൽ രൂക്ഷമാകുകയാണ്.