ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം
ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. പട്ന അടക്കം 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പ് അടുത്തതോടെ മുന്നണികൾ പ്രചാരണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ആദ്യ ഘട്ടം തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യത്തിന് വളരെ നിർണ്ണായകമാണ്. ഇന്ത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് ബിഹാറിൽ മൂന്ന് യോഗങ്ങളിൽ പങ്കെടുക്കും. അവസാനവട്ട പ്രചാരണത്തിന് മേൽനോട്ടം വഹിക്കാൻ കെസി വേണുഗോപാലും ബിഹാറിലുണ്ട്. ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ രണ്ട് യോഗങ്ങളാണ് ഇന്ന് നിശ്ചയിച്ചിരിക്കുന്നത്.
ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ റോഡ് ഷോ ഇന്ന് ഗയയിൽ നടക്കും. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയും ബിഹാറിൽ പ്രചാരണയോഗങ്ങൽ പങ്കെടുത്തിരുന്നു. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 121 സീറ്റിൽ 2020 ൽ മഹാസഖ്യം 61 സീറ്റ് നേടിയിരുന്നു. അതേസമയം ബിഹാറിൽ എൻഡിഎയ്ക്ക് മുൻതൂക്കമെന്നാണ് ദൈനിക് ഭാസ്‌കർ സർവേയിൽ പറയുന്നത്. 153 മുതൽ 160 സീറ്റ് വരെ എൻഡിഎ നേടിയേക്കാമെന്നാണ് പ്രവചനം.
