പാർക്കിങ് ഏരിയയിൽ കിടന്നുറങ്ങി; വാഹനം കയറി മൂന്നു വയസ്സുകാരി മരിച്ചു

  1. Home
  2. National

പാർക്കിങ് ഏരിയയിൽ കിടന്നുറങ്ങി; വാഹനം കയറി മൂന്നു വയസ്സുകാരി മരിച്ചു

3 yr old girl death


പാർക്കിങ് ഏരിയയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു വയസ്സുകാരി ദേഹത്തിലൂടെ കാർ കയറി മരിച്ചു. അപ്പാർട്ട്മെന്റിനടൂത്ത് ജോലിക്ക് വന്ന യുവതിയുടെ മകൾ ലക്ഷ്മിയാണ് മരിച്ചത്. തെലങ്കാനയിലെ ഹയാത്‌നഗറിൽ കുട്ടി ഉറങ്ങിക്കിടക്കുന്നതു ശ്രദ്ധിക്കാതെ ഹരി രാമകൃഷ്ണ എന്നയാൾ കാർ ദേഹത്തുകൂടി കയറ്റുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

പുറത്ത് നല്ല ചൂടായതിനാലാണ് ജോലി സമയത്ത് കുഞ്ഞിനെ കാർ പാർക്കിങ് ഏരിയയിൽ കിടത്തിയതെന്ന് യുവതി പറഞ്ഞു. നിലത്ത് തുണി വിരിച്ചാണ് കുഞ്ഞിനെ കിടത്തിയിരുന്നത്. വൈകാതെ കുഞ്ഞ് ഉറങ്ങിപ്പോവുകയും ചെയ്തു. അപ്പാർട്ട്മെന്റിലെ താമസക്കാരനായ ഹരി രാമകൃഷ്ണ, പതിവുപോലെ കാർ പാർക്കു ചെയ്യുന്നിടത്തേക്ക് പോകുമ്പോഴാണ് കുഞ്ഞിന്റെ ദേഹത്തുകൂടി വാഹനം കയറിയത്. സ്ഥിരം പാർക്ക് ചെയ്യുന്ന സ്ഥലമായതിനാൽ അത്ര ശ്രദ്ധിക്കാതെയാണ് അദ്ദേഹം കാർ ഓടിച്ചെത്തിയത്. മുന്നോട്ടെടുത്ത കാർ കുട്ടിയുടെ ദേഹത്തുകൂടി കയറിയതോടെ പെട്ടെന്നുതന്നെ ഹരി വാഹനം പിന്നോട്ടെടുത്തു.

കുട്ടി കിടക്കുന്നത് ശ്രദ്ധിച്ചില്ലെന്നാണ് ഹരി പൊലീസ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്. കുട്ടിയെ തുണികൊണ്ട് മൂടിയിട്ടിരിക്കുകയായിരുന്നുവെന്നും ഇയാൾ മൊഴി നൽകി. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.