ചെന്നൈയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; മലയാളി നിയമവിദ്യാർത്ഥിനി മരിച്ചു
ചെന്നൈയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ മലയാളി നിയമവിദ്യാർത്ഥിനി മരിച്ചു. പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് കാവുങ്കൽ വീട്ടിൽ എൻ. വിജയകുമാറിന്റെയും വിജയകുമാരിയുടെയും മകൾ ജിനു (21) ആണ് മരിച്ചത്. ചെന്നൈ അംബേദ്കർ ലോ കോളേജിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കോട്ടൂർപുരം ഗാന്ധിമണ്ഡപം റോഡിൽ അണ്ണാ സർവ്വകലാശാലയുടെ ഔട്ടർ ഗേറ്റിന് സമീപമായിരുന്നു അപകടം നടന്നത്.
കോളേജിലെ പരിപാടിയിൽ പങ്കെടുത്ത അതിഥിയെ നുങ്കമ്പാക്കത്തെ വീട്ടിലാക്കി സഹപാഠികളോടൊപ്പം മടങ്ങിവരുകയായിരുന്നു ജിനു. ഇവർ സഞ്ചരിച്ചിരുന്ന കാറിന് മുന്നിലുണ്ടായിരുന്ന മറ്റൊരു കാർ പെട്ടെന്ന് യൂടേൺ എടുത്തതാണ് അപകടത്തിന് കാരണമായത്. ഇടിയുടെ ആഘാതത്തിൽ ജിനു സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന സഹപാഠികളായ പ്രിയ, ജഗദീപ്, ആർത്തിപ് എന്നിവർക്കും മുന്നിലെ കാറിന്റെ ഡ്രൈവർ വെങ്കിടേഷിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ റോയപ്പേട്ട ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ജിനുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ നടക്കും. ജിബിൻ ആണ് ഏക സഹോദരൻ. യുവ വിദ്യാർത്ഥിനിയുടെ അപ്രതീക്ഷിത വിയോഗം നാടിനെയും സഹപാഠികളെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
