മണിപ്പൂരിൽ കാറുകൾക്ക് നേരെ വെടിവെപ്പ്; രണ്ട് സ്ത്രീകളടക്കം നാല് പേർ കൊല്ലപ്പെട്ടു
മണിപ്പൂരിലെ ഉഖ്രുൽ ജില്ലയിൽ കാറുകൾക്ക് നേരെ അക്രമികൾ നടത്തിയ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ഇംഫാൽ–ഉഖ്രുൽ റോഡിലെ ന്യൂ ഹെവൻ മേഖലയിലാണ് സംഭവം നടന്നത്. രണ്ട് കാറുകളിലായി സഞ്ചരിച്ചിരുന്ന രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് വെടിയേറ്റ് മരിച്ചത്. നാല് പേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ആക്രമിക്കപ്പെട്ട രണ്ട് വാഹനങ്ങളുടെയും മുൻവശത്തെ ചില്ലുകളിൽ വെടിയുണ്ടകൾ തുളഞ്ഞുകയറിയ പാടുകളുണ്ട്.
സംസ്ഥാനത്ത് അക്രമസംഭവങ്ങൾ തുടരുന്നതിനിടെയാണ് പുതിയ വെടിവെപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൊട്ടുമുൻപത്തെ ദിവസം, കാങ്‌പോക്പി ജില്ലയിലെ തഫൗ കുക്കി ഗ്രാമത്തിനും സമീപജില്ലയായ സേനാപതിയിലെ കൈലെങ്‌ജാങ്ങിനും ഇടയിലുള്ള പ്രദേശത്ത് എതിർവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 42 വയസ്സുള്ള ഒരു സ്ത്രീ വെടിയേറ്റ് മരിക്കുകയും രണ്ട് പുരുഷന്മാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
2023 മേയിൽ താഴ്‌വരയിലെ മെയ്തെയ്, കുക്കി വിഭാഗങ്ങൾ തമ്മിൽ ആരംഭിച്ച വംശീയ കലാപത്തിൽ ഇതുവരെ 306 പേർക്കാണ് ജീവൻ നഷ്ടമായത്. 49 പേരെ കാണാതാവുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാവുകയും ചെയ്തു. ഇതിനുപുറമെ, ഈ വർഷം ഫെബ്രുവരി മുതൽ കുക്കികളും നാഗാ വിഭാഗവും തമ്മിലുണ്ടായ സംഘർഷങ്ങളിൽ അൻപതോളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
