സിബിഐ ഡയറക്ടർ നിയമനം: ‘പ്രതിപക്ഷ നേതാവ് ‘റബ്ബർ സ്റ്റാംപ്’ അല്ല’; പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുൽ ഗാന്ധി
സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റി നടപടികൾ ഭരണഘടനാപരമായ കടമകളെ പരിഹസിക്കുന്നതാണെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കത്ത്. പക്ഷപാതപരമായ നടപടിക്രമങ്ങളിൽ പങ്കുചേരാൻ തനിക്ക് കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വെറുമൊരു ‘റബ്ബർ സ്റ്റാമ്പ്’ അല്ലെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.
സിബിഐ മേധാവിയെ തിരഞ്ഞെടുക്കുന്ന മൂന്നംഗ സമിതിയിൽ പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് എന്നിവർക്കൊപ്പമാണ് രാഹുൽ ഗാന്ധിയും അംഗമായിട്ടുള്ളത്. എന്നാൽ, സമിതിയുടെ യോഗത്തിന് മുന്നോടിയായി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ ഔദ്യോഗിക റിപ്പോർട്ടുകളോ വിവരങ്ങളോ തനിക്ക് ലഭ്യമാക്കിയില്ലെന്ന് രാഹുൽ ആരോപിച്ചു. ആവർത്തിച്ച് രേഖാമൂലം ആവശ്യപ്പെട്ടിട്ടും വിവരങ്ങൾ നൽകാതിരിക്കുന്നത് നിയമന പ്രക്രിയയെ അട്ടിമറിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"ഭരണഘടനാപരമായ ഒരു വലിയ ഉത്തരവാദിത്തമാണ് ഞാൻ നിർവഹിക്കുന്നത്. അവിടെ വിവരങ്ങൾ മറച്ചുവെച്ച് എന്നെ ഒരു റബ്ബർ സ്റ്റാമ്പാക്കി മാറ്റാൻ ശ്രമിക്കരുത്" എന്ന് രാഹുൽ എക്സിൽ (ട്വിറ്റർ) കുറിച്ചു. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ സിബിഐയെ സർക്കാർ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് സെലക്ഷൻ കമ്മിറ്റിയിൽ പ്രതിപക്ഷ നേതാവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സർക്കാർ തന്നെ തഴയുന്നതിലൂടെ സിബിഐയുടെ നിഷ്പക്ഷത ഇല്ലാതാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.