സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ: വിജയമാനദണ്ഡത്തിൽ മാറ്റമില്ല
2026-27 അധ്യയന വർഷത്തെ പത്താം ക്ലാസ് ബോർഡ് പരീക്ഷയുടെ വിജയമാനദണ്ഡത്തിൽ മാറ്റമില്ലെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. മുൻ വർഷങ്ങളിലേതുപോലെ ഇന്റേണൽ അസസ്‌മെന്റും തിയറി പരീക്ഷയും ചേർത്ത് ആകെ 33 ശതമാനം മാർക്ക് നേടിയാൽ വിഷയത്തിൽ വിജയിക്കാം.
ഇന്റേണൽ അസസ്‌മെന്റിലും തിയറി പരീക്ഷയിലും പ്രത്യേകം 33 ശതമാനം മാർക്ക് വേണമെന്ന തരത്തിൽ അടുത്തിടെ പുറത്തിറക്കിയ സർക്കുലറിൽ പരാമർശമുണ്ടായിരുന്നത് അധ്യാപകർക്കും വിദ്യാർഥികൾക്കുമിടയിൽ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു.
എന്നാൽ വിജയമാനദണ്ഡത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും നിലവിലെ രീതിയാണ് തുടർന്നും ബാധകമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കിയതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.
