സിബിഎസ്ഇ പത്താം ക്ലാസ് ഫലം: പെൺകുട്ടികൾക്ക് മികച്ച വിജയം; രാജ്യത്ത് ഒന്നാമതായി തിരുവനന്തപുരം മേഖല
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ 93.70 ശതമാനം വിജയവുമായി വിദ്യാർത്ഥികൾ മികച്ച നേട്ടം കൈവരിച്ചു. ഇത്തവണയും പെൺകുട്ടികളാണ് വിജയശതമാനത്തിൽ മുന്നിട്ടുനിൽക്കുന്നത്. 94.99 ശതമാനം പെൺകുട്ടികൾ വിജയിച്ചപ്പോൾ ആൺകുട്ടികളുടെ വിജയശതമാനം 92.69 ആണ്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ 87.50 ശതമാനം പേർ വിജയിച്ചു. സാധാരണയായി മേയ് പകുതിയോടെ പുറത്തുവരാറുള്ള ഫലം, പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജിന്റെ നേതൃത്വത്തിൽ റെക്കോർഡ് വേഗത്തിൽ മൂല്യനിർണ്ണയം പൂർത്തിയാക്കി ഒരു മാസം മുൻപേ പ്രസിദ്ധീകരിക്കാൻ ബോർഡിന് സാധിച്ചു.
മേഖലാടിസ്ഥാനത്തിലുള്ള കണക്കുകളിൽ 99.79 ശതമാനം വിജയവുമായി തിരുവനന്തപുരം, വിജയവാഡ മേഖലകൾ രാജ്യത്ത് ഒന്നാമതെത്തി. 85.32 ശതമാനം വിജയം നേടിയ ഗുവാഹത്തിയാണ് ഏറ്റവും പിന്നിൽ. ഏകദേശം 55,000-ത്തിലധികം വിദ്യാർത്ഥികൾ 95 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങി മികച്ച പ്രകടനം കാഴ്ചവെച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾക്കിടയിലും പരീക്ഷ എഴുതിയ മിഡിൽ ഈസ്റ്റിലെ വിദ്യാർത്ഥികളുടെ ഫലവും ബുധനാഴ്ച പ്രസിദ്ധീകരിച്ചു. വിദേശത്തെ സിബിഎസ്ഇ സ്കൂളുകൾ 99.10 ശതമാനം വിജയമാണ് രേഖപ്പെടുത്തിയത്.
പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഇത്തവണ രണ്ട് ബോർഡ് പരീക്ഷകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യ പരീക്ഷയിൽ മാർക്ക് കുറഞ്ഞവർക്ക് അത് മെച്ചപ്പെടുത്താനായി മേയ് മാസത്തിൽ നടക്കുന്ന രണ്ടാമത്തെ പരീക്ഷ എഴുതാൻ അവസരമുണ്ടാകും. കുട്ടികൾക്കിടയിലെ അനാവശ്യ സമ്മർദ്ദം ഒഴിവാക്കാൻ ഇത്തവണയും റാങ്ക് പട്ടികയോ ഡിവിഷനുകളോ ബോർഡ് പ്രഖ്യാപിച്ചിട്ടില്ല. സ്ഥാപനങ്ങളുടെ പ്രകടനത്തിൽ 99.57 ശതമാനം വിജയവുമായി കേന്ദ്രീയ വിദ്യാലയങ്ങൾ ഒന്നാമതെത്തിയപ്പോൾ, നവോദയ വിദ്യാലയങ്ങൾ (99.42%) തൊട്ടുപിന്നിലെത്തി. 1.6 കോടിയോളം ഉത്തരക്കടലാസുകൾ ചുരുങ്ങിയ സമയം കൊണ്ട് മൂല്യനിർണ്ണയം നടത്തിയാണ് ഈ നേട്ടം കൈവരിച്ചത്.
