ലഡാക്കിന് പ്രത്യേക പദവി നൽകാൻ കേന്ദ്ര നീക്കം; ആർട്ടിക്കിൾ 371 ഭേദഗതിക്ക് ഒരുങ്ങുന്നു
ലഡാക്കിന് പ്രത്യേക പദവി നൽകാൻ കേന്ദ്ര സർക്കാർ നീക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 371 പ്രകാരം ലഡാക്കിന് പ്രത്യേക സംരക്ഷണം നൽകാനും നിയമനിർമാണ, സാമ്പത്തിക അധികാരങ്ങളുള്ള തെരഞ്ഞെടുക്കപ്പെട്ട സമിതി രൂപീകരിക്കാനുമാണ് നീക്കം.
മണ്ഡലങ്ങളിൽ നിന്ന് നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന സമിതിയാകും നിലവിൽ വരികയെന്ന് ലഡാക്ക് ചീഫ് സെക്രട്ടറി ആഷിഷ് കുന്ദ്ര പറഞ്ഞു. ഇതിനായി പാർലമെന്റ് ആർട്ടിക്കിൾ 371 ഭേദഗതി ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ലഡാക്ക് സബ്കമ്മിറ്റിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും തമ്മിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു.
ഒക്ടോബറിൽ നടക്കുന്ന അടുത്ത യോഗത്തിന് മുൻപ് ആർട്ടിക്കിൾ 371 ഭേദഗതിയുടെ കരട് തയ്യാറാക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കമെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ നാല് വർഷമായി ലഡാക്കിൽ പ്രത്യേക പദവിക്കായുള്ള ആവശ്യം ശക്തമാണ്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ഭരണഘടനാപരമായ സംവിധാനത്തിന് കേന്ദ്രം നീക്കം നടത്തുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
