ചാമരാജ് നഗർ വെടിവയ്പ്പ്: 7 വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ്; മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു
കർണാടകയിലെ ചാമരാജ് നഗറിൽ പശുക്കളെ തെരഞ്ഞുപോയ മൂന്ന് ഗ്രാമീണർ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഏഴ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഐ.ജി വ്യക്തമാക്കി. സംഭവത്തിൽ കർണാടക സർക്കാർ മജിസ്റ്റീരിയൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
കാവേരി വന്യജീവി സങ്കേതത്തിനുള്ളിൽ വെച്ചുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവർ നായാട്ടിനായി എത്തിയവരാണെന്ന് വനംവകുപ്പ് അവകാശപ്പെട്ടെങ്കിലും നാട്ടുകാർ ഇത് തള്ളി. ഉദ്യോഗസ്ഥർക്കെതിരെ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ഉയർന്ന ശക്തമായ പ്രതിഷേധത്തിൽ വനംവകുപ്പ് ഓഫീസ് തകർക്കപ്പെടുകയും പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു.
അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന് വനംമന്ത്രിയും സർക്കാരും ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധക്കാർ സമരം അവസാനിപ്പിച്ചത്. കൊല്ലപ്പെട്ട മൂന്ന് പേരുടെയും സംസ്‌കാരം ഇന്ന് നടക്കും.
