"ഗുണ്ടാപ്രദേശ്' ; പട്ടാപ്പകൽ നടു റോഡിൽ തോക്ക് വീശി ഗുണ്ടകളുടെ തേരോട്ടം

ഉത്തർപ്രദേശിൽ ഏറ്റുമുട്ടലിൽ പ്രതികൾക്കു പരിക്കേൽക്കുന്ന സംഭവം വർധിച്ചുവരുമ്പോഴും ക്രിമിനലുകൾക്ക് പോലീസിനെക്കുറിച്ചുള്ള ഭയം കുറയുന്നതായാണ് അടുത്തിടെ അരങ്ങേറുന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഹൈവേയിൽ അമിത വേഗതയിൽ പായുന്ന കാറിലിരുന്ന് ഗുണ്ടകൾ പിസ്റ്റൾ വീശുന്ന സംഭവം പോലീസിനെതിരേ വൻ പ്രതിഷേധത്തിന് ഇടയാക്കി.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കന്നുണ്ട്. കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്ന യാത്രക്കാരൻ വിൻഡോയിലൂടെ പിസ്റ്റൾ വീശുന്നതാണ് വീഡിയോയിൽ ഉള്ളത്. ഗുണ്ടകൾ തോക്ക് വീശുന്ന കാറിനെ പിന്തുടർന്ന വാഹനമാണ് ദൃശ്യങ്ങൾ പകർത്തിയത്.
വെള്ളിയാഴ്ച പട്ടാപ്പകലായിരുന്നു യാത്രക്കാരെ പരിഭ്രാന്തരാക്കിയ സംഭവം അരങ്ങേറിയത്. ഗാസിയാബാദിലെ സിദ്ധാർഥ് വിഹാറിൽ ദേശീയ പാത 24-ലായിരുന്നു ഗുണ്ടാവിളയാട്ടം. ഉത്തർപ്രദേശിലെ ക്രമസമാധാനനില മോശമായ അവസ്ഥയാണ് വീഡിയോ എടുത്തുകാണിക്കുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസിനെതിരേ വൻ വിമർശനമാണ് ഉയർന്നിരിക്കുന്നത്.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച നാലു പേരെ അറസ്റ്റ് ചെയ്തു. നാലു പേരും കാറിലുണ്ടായിരുന്നവരാണ്. കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.