തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവെച്ച് മുഖ്യമന്ത്രി വിജയ്; രാജിക്കത്ത് കൈമാറി
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ തിരുച്ചിറപ്പള്ളി ഈസ്റ്റ് നിയമസഭാ സീറ്റ് രാജിവെച്ച് വിജയ്. മന്ത്രി സെങ്കോട്ടയ്യൻ മുഖേനയാണ് രാജിക്കത്ത് കൈമാറിയത്.തിരഞ്ഞെടുപ്പിൽ പെരമ്പൂരും തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലവും വിജയ് ജയിച്ച സാഹചര്യത്തിലാണ് ഒരു മണ്ഡലത്തിൽ നിന്ന് രാജിവെച്ചത്. നിയമപ്രകാരം ഒരാൾക്ക് രണ്ട് മണ്ഡലങ്ങളിൽ ജയിച്ചാൽ ഒരു മണ്ഡലത്തിൽ നിന്ന് രാജിവെക്കണം എന്ന വ്യവസ്ഥയുണ്ട്.
പതിനാലു ദിവസത്തിനുള്ളിൽ ഒരു മണ്ഡലം ഒഴിവാക്കണമെന്ന നിയമനിബന്ധന പാലിച്ചാണ് നടപടി സ്വീകരിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഇന്ന് രാവിലെയാണ് രാജി നടപടി പൂർത്തിയായത്.
ഇതോടെ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് സാധ്യതയിലേക്ക് വഴി തുറക്കുകയാണ്. പകരം ആരെ സ്ഥാനാർത്ഥിയാക്കുമെന്നതിൽ പാർട്ടിയിൽ ചർച്ചകൾ തുടരുകയാണ്.
അതേസമയം, ഇന്ന് രാവിലെ ചെന്നൈയിൽ നടന്ന ചടങ്ങിൽ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഒൻപത് മന്ത്രിമാരും അധികാരമേറ്റു.
