ജമ്മുവിൽ എൻഐഎ ആസ്ഥാനത്തിന് സമീപം ചൈനീസ് റൈഫിൾ സ്കോപ്പ് കണ്ടെത്തി; കനത്ത ജാഗ്രത
ജമ്മു കശ്മീരിലെ ദേശീയ അന്വേഷണ ഏജൻസി (NIA) ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ് (ദൂരദർശിനി) കണ്ടെടുത്തു. ജമ്മുവിലെ അസ്രാറാബാദിലുള്ള മാലിന്യക്കൂമ്പാരത്തിൽ നിന്നാണ് ഇത് ലഭിച്ചത്. സുരക്ഷാപ്രാധാന്യമുള്ള മേഖലയിൽ ഇത്തരം ഒരു ഉപകരണം കണ്ടെത്തിയതിനെ തുടർന്ന് ജമ്മുവിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി.
ഞായറാഴ്ചയാണ് ആറ് വയസ്സുകാരനായ ഒരു ആൺകുട്ടിക്ക് കളിക്കുന്നതിനിടെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് ഈ റൈഫിൾ സ്കോപ്പ് ലഭിച്ചത്. കുട്ടി ഇതുപയോഗിച്ച് കളിക്കുന്നത് കണ്ട മാതാപിതാക്കൾക്ക് സംശയം തോന്നുകയും ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ചൈനീസ് അടയാളങ്ങളുള്ള ഈ ടെലിസ്കോപ്പ് സ്നൈപ്പർ റൈഫിളുകളിലും അസോൾട്ട് റൈഫിളുകളിലും ഘടിപ്പിച്ച് കൃത്യമായി ഉന്നം പിടിക്കാൻ ഉപയോഗിക്കുന്നതാണ്.
എൻഐഎ ഓഫീസിനും ജമ്മു കശ്മീർ പോലീസിന്റെ സുരക്ഷാ ആസ്ഥാനത്തിനും തൊട്ടടുത്തുള്ള വിജനമായ സ്ഥലത്ത് നിന്നാണ് ഇത് കണ്ടെത്തിയത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് സാംബ സ്വദേശിയായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്. പോലീസും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും (SOG) സംയുക്തമായി പ്രദേശത്ത് വിശദമായ പരിശോധന നടത്തിവരികയാണ്. അതിർത്തി കടന്നുള്ള തീവ്രവാദി സംഘങ്ങളാണോ അതോ മറ്റാരെങ്കിലുമാണോ ഇത് ഇവിടെ ഉപേക്ഷിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
