സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തു; നടൻ ഇമ്രാൻ ഖാനോട് ഒക്ടോബർ 28നകം ഇന്ത്യ വിടാൻ പൊലീസ് നിർദേശം
അമേരിക്കൻ പൗരത്വമുള്ള നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നോട്ടീസ് നൽകി മുംബൈ പൊലീസ്. മുംബൈയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നാണ് നടപടി. ഒക്ടോബർ 28നകം ഇന്ത്യ വിടണമെന്നാണ് നിർദേശം. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) പദവിയുള്ള ഇമ്രാൻ ഖാൻ, മുംബൈ സെൻട്രലിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് സിജെപിയെ പിന്തുണച്ച് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനെതിരെ ബിജെപി നേതാവ് കിരിത് സോമയ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് റിപ്പോർട്ട്.
പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) നടപടിയിൽ ക്രമക്കേടുകൾ നടന്നെന്നാരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പരിപാടിക്കിടെ ഇമ്രാൻ ഖാനെയും സുഹൃത്ത് ലേഖ വാഷിംഗ്ടണിനെയും അമ്മ നുസ്രത്തിനെയും അനന്തരവൾ സെയ്നെയും ഉൾപ്പെടെ 400ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് സെയ്ൻ പങ്കുവെച്ച വീഡിയോയിൽ കസ്റ്റഡിയിലുണ്ടായ പരിക്കുകളും കാണിച്ചിരുന്നു.
പ്രതിഷേധത്തിൽ പ്രത്യേക ആവശ്യങ്ങളൊന്നും ഉന്നയിക്കാനല്ല എത്തിയതെന്നും മുംബൈയിൽ താമസിക്കുന്ന ഒരാളെന്ന നിലയിലാണ് പങ്കെടുത്തതെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കിയിരുന്നു. ഒരു സംഘടനയുമായും ബന്ധമില്ലെന്നും വ്യക്തിപരമായ നിലയിലാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
