ഡല്‍ഹിയില്‍ ഇന്നും സിജെപി പ്രതിഷേധം തുടരും; മെട്രോ സ്റ്റേഷനുകളും ഗതാഗത നിയന്ത്രണങ്ങളും പുനഃക്രമീകരിച്ചു

  1. Home
  2. National

ഡല്‍ഹിയില്‍ ഇന്നും സിജെപി പ്രതിഷേധം തുടരും; മെട്രോ സ്റ്റേഷനുകളും ഗതാഗത നിയന്ത്രണങ്ങളും പുനഃക്രമീകരിച്ചു

cjp


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെയുമുള്ള പ്രക്ഷോഭങ്ങൾ ഡല്‍ഹിയില്‍ ഇന്നും തുടരുമെന്ന് സി.ജെ.പിയും (CJP) വിവിധ വിദ്യാര്‍ഥി സംഘടനകളും അറിയിച്ചു. രാവിലെ പത്ത് മണിക്ക് പ്രവര്‍ത്തകരോട് ജന്തര്‍മന്തറിലോ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിലോ എത്താന്‍ സി.ജെ.പി വക്താവ് അജിങ്ക്യ ഷിന്‍ഡെ ആഹ്വാനം ചെയ്തിട്ടുണ്ട്. എസ്.എഫ്.ഐ, ഐസ തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളും സി.പി.ഐ.എമ്മും സമരപരിപാടികളുമായി മുന്നോട്ട് പോകും.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കനത്ത പൊലീസ് കാവല്‍ തുടരുകയാണെങ്കിലും, അടച്ചിരുന്ന മെട്രോ സ്റ്റേഷനുകളും തടസ്സപ്പെടുത്തിയിരുന്ന ഇന്റർനെറ്റ് സേവനങ്ങളും പുനസ്ഥാപിച്ചിട്ടുണ്ട്. അതിനിടെ, കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത സി.ജെ.പി നേതാക്കളുടെ തടങ്കലിനെതിരെയുള്ള ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളും മറ്റ് കോടതിയലക്ഷ്യ ഹര്‍ജികളും സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും.

നാളെ (തിങ്കളാഴ്ച) ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പ് ഡല്‍ഹിയില്‍ എത്താന്‍ 'ഇന്ത്യ' സഖ്യ എം.പിമാര്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമരത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തുന്ന കേരളത്തിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മറ്റ് നേതാക്കൾക്കും തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരണം നല്‍കാന്‍ സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഒരുങ്ങുന്നുണ്ട്.