ഊട്ടിയില്‍ താപനില മൈനസില്‍ എത്തി; പുല്‍മേടുകള്‍ വെള്ള പുതച്ച നിലയില്‍

  1. Home
  2. National

ഊട്ടിയില്‍ താപനില മൈനസില്‍ എത്തി; പുല്‍മേടുകള്‍ വെള്ള പുതച്ച നിലയില്‍

ooty


അതിശൈത്യത്തിന്റെ പിടിയില്‍ അമര്‍ന്ന ഊട്ടിയില്‍ താപനില മൈനസില്‍ എത്തി. ഊട്ടിക്കടുത്ത് അവലാഞ്ചിയില്‍ താപ നില മൈനസ് 4 ഡിഗ്രിയായി കുറഞ്ഞു. അവലാഞ്ചിയിലെ വൈദ്യുത സ്റ്റേഷനില്‍ നിന്നാണു താപനില റിപ്പോര്‍ട്ട് ചെയ്തത്. പരിസര പ്രദേശം മുഴുവനും വനമേഖലയാണ്. ഇവിടെ വെള്ളത്തിനു മുകളില്‍ മഞ്ഞിന്റെ നേരിയ പാളി രൂപപ്പെടുന്നുണ്ട്. ഊട്ടി നഗരത്തില്‍ 1.6 ഡിഗ്രിയായി താപ നില കുറഞ്ഞു. ഊട്ടി, കൂനൂര്‍ , കോത്തഗിരി, ഗ്ലെന്‍മോര്‍ഗന്‍, അവലാഞ്ചി ഭാഗങ്ങളിലെ പുല്‍മേടുകള്‍ വെള്ള പുതച്ച നിലയിലാണ്.

പ്രഭാതത്തിലാണ് കൊടും തണുപ്പ് അനുഭവപ്പെടുന്നത്. മഞ്ഞു വീഴ്ചയില്‍ മേഖലയിലെ 500 ഏക്കറിലധികം തേയില തോട്ടങ്ങള്‍ കരിഞ്ഞുണങ്ങി. ഊട്ടിക്കടുത്ത് 20 ഏക്കറിലെ പച്ചക്കറിത്തോട്ടവും നശിച്ചു. അതേസമയം ഉച്ചസമയങ്ങളിൽ വെയിലാണ് കാലാവസ്ഥ. താപനില 15 ഡിഗ്രി കൂടുന്നുണ്ട്. തണുപ്പ് കൂടിയതിനാൽ ഊട്ടിയിൽ സഞ്ചാരികളുടെ തിരക്കും കൂടുന്നുണ്ട്.