സഹപ്രവർത്തകയെ കാറിൽ കൂട്ടബലാത്സംഗത്തിനിരയാക്കി; ഐ.ടി കമ്പനി സി.ഇ.ഒ അടക്കം മൂന്നുപേർ അറസ്റ്റിൽ
രാജസ്ഥാനിലെ ഉദയ്പൂരിൽ സഹപ്രവർത്തകയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ സ്വകാര്യ ഐ.ടി കമ്പനി സി.ഇ.ഒ അടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കമ്പനിയിലെ വനിതാ മാനേജറാണ് അതിക്രൂരമായ അക്രമത്തിന് ഇരയായത്. കഴിഞ്ഞ ശനിയാഴ്ച സി.ഇ.ഒയുടെ നേതൃത്വത്തിൽ നടന്ന ജന്മദിനാഘോഷ ചടങ്ങുകൾക്ക് ശേഷമായിരുന്നു സംഭവം. പാർട്ടി കഴിഞ്ഞ് മറ്റുള്ളവർ മടങ്ങിയതോടെ തനിച്ചായ യുവതിക്ക് സഹപ്രവർത്തകർ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു.
യുവതിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കമ്പനിയിലെ വനിതാ എക്‌സിക്യൂട്ടീവ് ഹെഡ് ആണ് ഇവരെ കാറിൽ കയറ്റിയത്. ഈ സമയം കാറിൽ സി.ഇ.ഒയും വനിതാ എക്‌സിക്യൂട്ടീവിന്റെ ഭർത്താവും ഉണ്ടായിരുന്നു. യാത്രയ്ക്കിടെ വാഹനം നിർത്തി മദ്യവും സിഗരറ്റും വാങ്ങിയ പ്രതികൾ യുവതിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു. മദ്യം അകത്തുചെന്നതോടെ ബോധരഹിതയായ തന്നെ ഓടിക്കൊണ്ടിരുന്ന വാഹനത്തിനുള്ളിൽ വെച്ച് പ്രതികൾ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് യുവതി പരാതിയിൽ പറയുന്നു.
പുലർച്ചെ താമസസ്ഥലത്തിന് സമീപം ഇറക്കിവിട്ട യുവതി, കടുത്ത ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിൽ ബലാത്സംഗം നടന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചതോടെയാണ് പോലീസിൽ പരാതി നൽകിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സുഖേർ പോലീസ് കേസെടുത്ത് കമ്പനി സി.ഇ.ഒ, വനിതാ എക്‌സിക്യൂട്ടീവ്, അവരുടെ ഭർത്താവ് എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
