ഹിന്ദുമതത്തിലേക്ക് തിരിച്ചുവരൂ, കൂടുതൽ അവസരം ലഭിക്കും’: എ.ആർ. റഹ്മാനോട് ‘ഘർ വാപസി’ ആവശ്യപ്പെട്ട് വി.എച്ച്.പി

  1. Home
  2. National

ഹിന്ദുമതത്തിലേക്ക് തിരിച്ചുവരൂ, കൂടുതൽ അവസരം ലഭിക്കും’: എ.ആർ. റഹ്മാനോട് ‘ഘർ വാപസി’ ആവശ്യപ്പെട്ട് വി.എച്ച്.പി

a r rahman


ബോളിവുഡിൽ തനിക്ക് അവസരങ്ങൾ കുറയാൻ കാരണം വർഗീയമായ ചില ഘടകങ്ങളായിരിക്കാമെന്ന ഓസ്കർ ജേതാവ് എ.ആർ. റഹ്മാന്റെ പരാമർശത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) രംഗത്തെത്തി. റഹ്മാൻ ഹിന്ദു മതത്തിലേക്ക് തിരിച്ചുവരികയാണെങ്കിൽ (ഘർ വാപസി) അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് വി.എച്ച്.പി ദേശീയ വക്താവ് വിനോദ് ബൻസാൽ പ്രസ്താവിച്ചു. കഴിഞ്ഞ എട്ട് വർഷമായി ബോളിവുഡിൽ താൻ ഒരു ഔട്ട്സൈഡറായി മാറുന്നതുപോലെ തോന്നുന്നുവെന്നും മാറ്റിനിർത്തപ്പെടുന്നതിന് പിന്നിൽ വർഗീയമായ കാരണങ്ങളുണ്ടാകാമെന്നും ബി.ബി.സി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ റഹ്മാൻ സൂചിപ്പിച്ചിരുന്നു. ആരും തന്റെ മുഖത്തുനോക്കി ഇത് പറയുന്നില്ലെങ്കിലും അത്തരം ഘടകങ്ങൾ അനുഭവപ്പെടുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

റഹ്മാന്റെ ഈ നിലപാടിനെതിരെ രൂക്ഷമായ ഭാഷയിലാണ് വിനോദ് ബൻസാൽ പ്രതികരിച്ചത്. മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയെപ്പോലെ ആനുകൂല്യങ്ങൾ അനുഭവിച്ച ശേഷം രാജ്യത്തെ തരംതാഴ്ത്തി സംസാരിക്കുന്നവരുടെ പാതയിലാണ് റഹ്മാനും സഞ്ചരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഒരുകാലത്ത് റഹ്മാൻ ഹിന്ദുവായിരുന്നുവെന്നും എന്തിനാണ് മതം മാറിയതെന്നും ചോദിച്ച ബൻസാൽ, കലാകാരൻ എന്ന നിലയിൽ ആത്മപരിശോധന നടത്തുന്നതിന് പകരം സിനിമ മേഖലയെ അപകീർത്തിപ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി. 'ഘർ വാപസി' നടത്തിയാൽ ഒരുപക്ഷേ അദ്ദേഹത്തിന് വീണ്ടും അവസരങ്ങൾ ലഭിച്ചേക്കാമെന്നും അദ്ദേഹം പരിഹസിച്ചു.

അവസരങ്ങൾ കുറഞ്ഞതിനെക്കുറിച്ച് പരാതിപ്പെടുന്നതിനേക്കാൾ, തനിക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയം ലഭിക്കുന്നതിലാണ് സന്തോഷമെന്ന് റഹ്മാൻ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. തന്റെ ആത്മാർഥതയിലൂടെയും കഴിവിലൂടെയും അവസരങ്ങൾ തന്നെ തേടി വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാഷ്ട്രീയവും മതപരവുമായ ഇത്തരം വാദപ്രതിവാദങ്ങൾ ഇന്ത്യൻ സംഗീത ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.