ഇ-20 പെട്രോൾ ഉപയോഗിച്ച് വാഹനങ്ങൾക്ക് തകരാറുണ്ടായാൽ നഷ്ടപരിഹാരം വേണം; കേന്ദ്രത്തിന് കത്തയച്ച് കർണാടക

  1. Home
  2. National

ഇ-20 പെട്രോൾ ഉപയോഗിച്ച് വാഹനങ്ങൾക്ക് തകരാറുണ്ടായാൽ നഷ്ടപരിഹാരം വേണം; കേന്ദ്രത്തിന് കത്തയച്ച് കർണാടക


എഥനോൾ കലർത്തിയ ഇ-20 (E20) പെട്രോൾ ഉപയോഗിക്കുന്നത് മൂലം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാൽ ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ പ്രത്യേക സംവിധാനം വേണമെന്ന ആവശ്യവുമായി കർണാടക സർക്കാർ. ഇതിനായി 'ഇ-20 നഷ്ടപരിഹാര ഫണ്ട്' രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സിവിൽ സപ്ലൈസ്-ഉപഭോക്തൃകാര്യ മന്ത്രി റിസ്വാൻ അർഷാദ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിക്ക് കത്തയച്ചു. സംസ്ഥാനത്തെ വിവിധ പെട്രോൾ പമ്പുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലമടങ്ങിയ വിശദമായ റിപ്പോർട്ടും കത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ അനുവദനീയമായതിലും ഉയർന്ന അളവിൽ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന പരിശോധനാ ഫലത്തെത്തുടർന്ന് അഞ്ച് പ്രധാന നിർദ്ദേശങ്ങളാണ് കർണാടക സർക്കാർ മുന്നോട്ടുവെച്ചിരിക്കുന്നത്. എല്ലാ പെട്രോൾ പമ്പുകളിലും ഇന്ധനത്തിലെ എഥനോളിന്റെ അളവ് വ്യക്തമായി പ്രദർശിപ്പിക്കണമെന്നും ഉപഭോക്താക്കൾക്ക് നൽകുന്ന ബില്ലിൽ എഥനോൾ ശതമാനക്കണക്ക് രേഖപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ഇ-20 പെട്രോളിനൊപ്പം എഥനോൾ കലർത്താത്ത സാധാരണ പെട്രോളും ഇ-10 പെട്രോളും പമ്പുകളിൽ ലഭ്യമാണെന്ന് ഉറപ്പാക്കണം. കൂടാതെ, അംഗീകൃത ലാബുകൾ മുഖേന ഇന്ധനത്തിന്റെ ഗുണനിലവാരത്തിൽ സ്വതന്ത്ര പരിശോധന നടത്തണമെന്നും കർണാടക ആവശ്യപ്പെട്ടു. പണം നൽകി വാങ്ങുന്ന ഇന്ധനം ഏത് തരത്തിലുള്ളതാണെന്ന് അറിയാൻ ഉപഭോക്താക്കൾക്ക് അവകാശമുണ്ടെന്നും, ഇക്കാര്യത്തിൽ പൂർണ്ണ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കണമെന്നും മന്ത്രി റിസ്വാൻ അർഷാദ് വ്യക്തമാക്കി. കർണാടകത്തിലെ വിവിധ പമ്പുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ 31 ശതമാനം വരെ എഥനോളിന്റെ സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാരും പൊതുമേഖലാ എണ്ണക്കമ്പനികളും ഈ പരിശോധനാ ഫലം അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കൃത്യമായ തെളിവുകളടങ്ങിയ വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാർ ഇപ്പോൾ കേന്ദ്രത്തിന് കൈമാറിയിരിക്കുന്നത്.