പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി; മേക്കപ്പ് ആർടിസ്റ്റ് ജാൻമണി അറസ്റ്റിൽ

  1. Home
  2. National

പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി; മേക്കപ്പ് ആർടിസ്റ്റ് ജാൻമണി അറസ്റ്റിൽ

image


പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർടിസ്റ്റ് ജാൻമണി അറസ്റ്റിൽ. കോഴിക്കോട് സൈബർ പൊലീസാണ് ജാൻമണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് നടപടി.

ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുകൊണ്ട് ജാൻമണി വിവാദപ്രസ്താവന നടത്തിയത്. ജന്തര്‍ മന്തര്‍ സമരത്തിന്റ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജന്‍മണിയുടെ പരാമര്‍ശം ഉണ്ടായത്.

പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ മാതാവിനേയും അധിക്ഷേപിക്കുന്ന നിലയിലായിരുന്നു പരാമര്‍ശം. സംഭവം വിവാദമായതോടെ ജാൻമണി മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയത്. ജാന്‍മണിയുടെ മാപ്പ് പറച്ചില്‍ അംഗീകരിക്കുന്നില്ലെന്നും തെറ്റ് ചെയ്തതിനുശേഷം മാപ്പ് പറഞ്ഞാല്‍ തീരില്ലെന്നുമായിരുന്നു മഹിളാ മോര്‍ച്ചയുടെ നിലപാട്.

ബിഎൻഎസ് 192, 356(2), കേരള പൊലീസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സമൂഹത്തിൽ ലഹളയുണ്ടാക്കണമെന്നും സമാധാനം തകർക്കണമെന്നുമുള്ള ഉദ്ദേശത്തോടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.