ശീതകാല സമ്മേളനത്തിന് സമാപനം; പാർലമെന്റിൽ മോദി-പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ച

  1. Home
  2. National

ശീതകാല സമ്മേളനത്തിന് സമാപനം; പാർലമെന്റിൽ മോദി-പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ച

parliament


നിർണ്ണായകമായ പല ബില്ലുകളും പാസാക്കിയ ശീതകാല സമ്മേളനത്തിന് സമാപനമായതിന് പിന്നാലെ പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വയനാട് എംപി പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ച നടത്തി. ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ ചേംബറിലായിരുന്നു ഈ സൗഹൃദ കൂടിക്കാഴ്ച. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്രമന്ത്രിമാരായ കെ. റാം മോഹൻ നായിഡു, ചിരാഗ് പാസ്വാൻ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കുചേർന്നു.

ഡിസംബർ ഒന്നിന് ആരംഭിച്ച സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധങ്ങൾക്കിടയിലും തൊഴിലുറപ്പ് ഭേദഗതി ബിൽ ഉൾപ്പെടെയുള്ള പ്രധാന നിയമനിർമ്മാണങ്ങൾ സഭ പാസാക്കി. ആണവോർജ്ജ മേഖലയിലെ വികസനം ലക്ഷ്യമിട്ടുള്ള ശാന്തി ബില്ലും ശീതകാല സമ്മേളനത്തിൽ അംഗീകാരം നേടി. സഭാ ചർച്ചകളിൽ കൃത്യമായ തയ്യാറെടുപ്പുകളോടെ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള എംപി എൻ.കെ. പ്രേമചന്ദ്രനെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചതും ശ്രദ്ധേയമായി.

വന്ദേമാതരത്തിന്റെ 150-ാം വാർഷികം, തിരഞ്ഞെടുപ്പ് പരിഷ്കരണം, ഡൽഹിയിലെ വായുമലിനീകരണം തുടങ്ങിയ ഗൗരവകരമായ വിഷയങ്ങളിലും ഇത്തവണ ചർച്ചകൾ നടന്നു. രാജ്യസഭയിൽ 59-ഓളം സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കപ്പെട്ടതായി അധ്യക്ഷൻ സി.പി. രാധാകൃഷ്ണൻ അറിയിച്ചു. തൊഴിലുറപ്പ് ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷം സഭയ്ക്കകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്തിയ സമ്മേളനം കൂടിയായിരുന്നു ഇത്.