കോൺഗ്രസ് എംഎൽഎമാരെ ഭീഷണിപ്പെടുത്തി; ജെഡിഎസ് രാജ്യസഭാ സ്ഥാനാർത്ഥിക്കെതിരെ കേസ്

  1. Home
  2. National

കോൺഗ്രസ് എംഎൽഎമാരെ ഭീഷണിപ്പെടുത്തി; ജെഡിഎസ് രാജ്യസഭാ സ്ഥാനാർത്ഥിക്കെതിരെ കേസ്

MLA


കർണാടകയിൽ കോൺഗ്രസ് എംഎൽഎമാരെ ഭീഷണിപ്പെടുത്തിയ ജെഡിഎസ് രാജ്യസഭാ സ്ഥാനാർത്ഥിക്കെതിരെ കേസ്. ജനതാദൾ (സെക്കുലർ) നേതാവ് ഡി കുപേന്ദ്ര റെഡ്ഡിക്കും സഹായികൾക്കുമെതിരെയാണ് വിധാന സൗധ പൊലീസ് കേസെടുത്തിരിക്കുന്നത്. എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമം നടന്നതായും ആരോപണമുണ്ട്.

രാജ്യസഭാ തെരഞ്ഞെടുപ്പിനിടെ കോൺഗ്രസ് എംഎൽഎമാരെ ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് ഡി കുപേന്ദ്ര റെഡ്ഡിക്കെതിരെയുള്ള ആരോപണം. എന്നാൽ തന്നെ പ്രലോഭിപ്പിച്ചതായി പരാതിക്കാരനായ എംഎൽഎ പറഞ്ഞിട്ടില്ലെന്ന് ജെഡിഎസ് നേതാവ് പറഞ്ഞു. മറ്റ് ചില എംഎൽഎമാർ സമീപിച്ചു എന്നാണ് പരാതിക്കാരൻ പറഞ്ഞിട്ടുള്ളതെന്നും ഡി കുപേന്ദ്ര റെഡ്ഡി.

വിഷയത്തിൽ വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. “ജെഡിഎസിന് ജയിക്കാൻ 45 വോട്ട് (അവരുടെ സ്ഥാനാർത്ഥിക്ക്) വേണം. അവർക്ക് അത്രയും വോട്ടുണ്ടോ? വേണ്ടത്ര വോട്ടില്ലെങ്കിലും അവർ സ്ഥാനാർത്ഥിയെ നിർത്തി ഞങ്ങളുടെ എംഎൽഎമാരെ വശീകരിക്കുന്നു. അവർക്ക് മനസ്സാക്ഷി ഉണ്ടോ?” സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ എഴുതിയ കുറിപ്പിൽ മുഖ്യമന്ത്രി ചോദിച്ചു.

സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു. “ഭീഷണി സംബന്ധിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ മൂന്ന് സ്ഥാനാർത്ഥികൾ വിജയിക്കും. ഇതിൽ യാതൊരു സംശയവുമില്ല”- എഫ്ഐആർ ആർക്കെതിരെയാണെന്നും എവിടെയാണ് രജിസ്റ്റർ ചെയ്തതെന്നും വിശദീകരിക്കാതെ സിദ്ധരാമയ്യ പറഞ്ഞു.