ആന്ധ്രാപ്രദേശിലും തെലങ്കാനയിലും കോവിഡ് കേസുകൾ ഉയരുന്നു; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ്
ആന്ധ്രാപ്രദേശിലും തെലങ്കാനയിലും കോവിഡ് കേസുകൾ ഉയരുന്നതായി റിപ്പോർട്ട്. നിലവിൽ രോഗവ്യാപനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തെലങ്കാന പൊതുജനാരോഗ്യ & കുടുംബക്ഷേമ ഡയറക്ടർ ഡോ. ബി. രവീന്ദർ നായിക് അറിയിച്ചു. കേസുകളിലെ വർധനവ് സാധാരണ സീസണൽ മാറ്റങ്ങളുടെ ഭാഗമാണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ആന്ധ്രാപ്രദേശിൽ ആക്ടീവ് കേസുകളുടെ എണ്ണം 32 ആയി ഉയർന്നു. ഈസ്റ്റ് ഗോദാവരി, വിശാഖപട്ടണം ജില്ലകളിൽ നിന്ന് മൂന്ന് കേസുകൾ വീതം പുതിയതായി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ നാല് മരണങ്ങളാണ് സ്ഥിരീകരിച്ചത്. തെലങ്കാനയിലും കേസുകളിൽ നേരിയ വർധനവുണ്ട്. സാഹചര്യം നേരിടാൻ ആശുപത്രികളിൽ ടെസ്റ്റിങ് കിറ്റുകൾ, മരുന്നുകൾ, കിടക്കകൾ, പി.പി.ഇ കിറ്റുകൾ എന്നിവയുടെ ലഭ്യത ആരോഗ്യവകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്.
പരിശോധനകളിൽ 'ഒമിക്രോൺ RF.5' വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും മറ്റ് വകഭേദങ്ങളെക്കാൾ അപകടകരമാണെന്ന് സൂചിപ്പിക്കുന്ന തെളിവുകളൊന്നുമില്ലെന്ന് ആന്ധ്ര മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിഷ്ണു വർധൻ പറഞ്ഞു. തൊണ്ടവേദന, ചുമ, പനി, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വയോജനങ്ങളും മറ്റ് അനുബന്ധ രോഗങ്ങളുള്ളവരും തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കാനും മുൻകരുതലുകൾ പാലിക്കാനും ആരോഗ്യവകുപ്പ് നിർദേശിച്ചു.
