ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് സിപിഐ; ഡിസംബർ 1 മുതൽ 3 വരെ ജയിൽ നിറയ്ക്കൽ സമരം
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിന് സിപിഐ. എസ്.ഐ.ആർ നിർത്തിവയ്ക്കുക, തിരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം. ഡിസംബർ 1 മുതൽ 3 വരെ ജയിൽ നിറയ്ക്കൽ സമരം നടത്തുമെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ വ്യക്തമാക്കി.
രാജ്യം നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണെന്ന് ഡി. രാജ പറഞ്ഞു. സാമ്പത്തിക സ്ഥിതി മോശമാണ്. തൊഴിലില്ലായ്മ രൂക്ഷമാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർധിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ഭരണഘടന സംരക്ഷിക്കുക, പൗരന്മാരുടെ വോട്ടവകാശം ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളുമായി മുന്നോട്ടുപോകുമെന്നും ലേബർ കോഡുകൾ പിൻവലിക്കണമെന്നും വനിതാ സംവരണം നടപ്പാക്കണമെന്നും ആവശ്യപ്പെടുമെന്നും ഡി. രാജ വ്യക്തമാക്കി.
അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്താൻ മതേതര പാർട്ടികൾ ഒന്നിച്ച് പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സീറ്റ് വിഭജന ചർച്ചകൾ ക്രിയാത്മകമാകണം. എല്ലാ മതേതര പാർട്ടികളെയും ഒന്നിച്ചുകൊണ്ടുവരാൻ സിപിഐ ശ്രമിക്കുമെന്നും ഡി. രാജ പറഞ്ഞു.
