ഇറാന് നേരെയുള്ള യുഎസ്-ഇസ്രായേൽ ആക്രമണം: അപലപിച്ച് സി‌പി‌എം പൊളിറ്റ്ബ്യൂറോ

  1. Home
  2. National

ഇറാന് നേരെയുള്ള യുഎസ്-ഇസ്രായേൽ ആക്രമണം: അപലപിച്ച് സി‌പി‌എം പൊളിറ്റ്ബ്യൂറോ

cpm


ഇറാന് നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനിക ആക്രമണത്തെ സി‌പി‌എം പൊളിറ്റ്ബ്യൂറോ ശക്തമായി അപലപിച്ചു. ഇറാന്റെ പരമാധികാരത്തിന് മേലുള്ള നഗ്നമായ കടന്നുകയറ്റമാണിതെന്നും യുഎൻ ചാർട്ടറിന്റെയും അന്താരാഷ്ട്ര ഉടമ്പടികളുടെയും ലംഘനമാണ് ഈ നടപടിയെന്നും സി‌പി‌എം പ്രസ്താവനയിൽ പറഞ്ഞു. ഇറാനുമായുള്ള ആണവ ചർച്ചകൾ അവഗണിച്ചാണ് ഈ ആക്രമണമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാക്കുകളിൽ നിന്ന് അവർക്ക് ചർച്ചകളിൽ യാതൊരു ആത്മാർത്ഥതയും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാണെന്നും പാർട്ടി കുറ്റപ്പെടുത്തി.

പരമാധികാര രാഷ്ട്രങ്ങളെ തന്നിഷ്ടപ്രകാരം ആക്രമിക്കുന്ന യുദ്ധക്കൊതിയുള്ള രാജ്യമായി അമേരിക്ക മാറിയിരിക്കുകയാണ്. വെനസ്വേലയ്ക്കും ക്യൂബയ്ക്കും നേരെയുള്ള ഭീഷണികൾക്ക് പിന്നാലെയാണ് ഇപ്പോൾ ഇറാന് നേരെയുള്ള ഈ ആക്രമണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനം പൂർത്തിയായതിന് തൊട്ടുപിന്നാലെയാണ് ഈ സൈനിക നീക്കം ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഇന്ത്യയുടെ സൗഹൃദരാഷ്ട്രമായ ഇറാന് നേരെയുള്ള ഈ കടന്നാക്രമണത്തെ കേന്ദ്രസർക്കാർ ശക്തമായി അപലപിക്കണമെന്ന് സി‌പി‌എം ആവശ്യപ്പെട്ടു. മേഖലയിൽ എത്രയും വേഗം വെടിനിർത്തൽ നടപ്പിലാക്കാൻ ഇന്ത്യ സമ്മർദ്ദം ചെലുത്തണമെന്നും പൊളിറ്റ്ബ്യൂറോ പ്രസ്താവനയിലൂടെ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ആഗോള സമാധാനത്തിന് വലിയ ഭീഷണിയാണെന്നും പാർട്ടി കൂട്ടിച്ചേർത്തു.