ഡൽഹിയിൽ അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടി ശക്തം; രണ്ട് ദിവസത്തിനിടെ 67 കെട്ടിടങ്ങൾ പൊളിച്ച
ഡൽഹിയിൽ അനധികൃത കെട്ടിടങ്ങൾക്കെതിരായ നടപടി ശക്തമാക്കി ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ. രണ്ട് ദിവസത്തിനിടെ 67 അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കി. ഒമ്പത് കെട്ടിടങ്ങൾ സീൽ ചെയ്യുകയും 35 കെട്ടിടങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.നാല് കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ഉത്തരവും നൽകിയിട്ടുണ്ട്. ഡൽഹിയിലെ 12 സോണുകളിലായാണ് അനധികൃത നിർമാണങ്ങൾക്കെതിരായ നടപടി പുരോഗമിക്കുന്നത്.
സത്യ നികേതനിലെ ഹോസ്റ്റൽ കെട്ടിടം തകർന്നതിന് പിന്നാലെയാണ് പരിശോധനയും നടപടികളും കോർപ്പറേഷൻ ശക്തമാക്കിയത്. അടുത്തിടെ ഡൽഹിയിലുണ്ടായ മൂന്നാമത്തെ കെട്ടിട ദുരന്തമായിരുന്നു സത്യ നികേതനിലേത്. നിയമലംഘനം നടത്തി നിർമിച്ചതും കാലപ്പഴക്കം ചെന്നതുമായ കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടികൾ വൈകുന്നതിൽ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് അനധികൃതവും അപകടഭീഷണി ഉയർത്തുന്നതുമായ കെട്ടിടങ്ങൾക്കെതിരെ നടപടി ശക്തമാക്കിയത്.
