ആ മാറ്റങ്ങൾക്ക് മൻമോഹൻ സിങ്ങിനോട് എല്ലാവരും നന്ദി പറയേണ്ട സമയമാണിത്; ഹർഷ ഭോഗ്‌ലെ

  1. Home
  2. National

ആ മാറ്റങ്ങൾക്ക് മൻമോഹൻ സിങ്ങിനോട് എല്ലാവരും നന്ദി പറയേണ്ട സമയമാണിത്; ഹർഷ ഭോഗ്‌ലെ

harsha


രാജ്യസഭയിൽനിന്നു വിരമിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനു പ്രശംസയുമായി പ്രമുഖ ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‌ലെ. 90കൾക്കുശേഷം രാജ്യത്തുണ്ടായ മാറ്റങ്ങൾക്ക് മൻമോഹൻ സിങ്ങിനോട് എല്ലാവരും നന്ദി പറയേണ്ട സമയമാണിതെന്ന് ഭോഗ്‌ലെ പറഞ്ഞു. സിങ്ങും മുൻ പ്രധാനമന്ത്രി നരസിംഹ റാവുവും കൊണ്ടുവന്ന ഉദാരവൽക്കരണ നയങ്ങളിൽനിന്നു തന്റെ തലമുറയ്ക്കു വലിയ നേട്ടങ്ങളുണ്ടായിട്ടുണ്ട്. പ്രതിപക്ഷ നേതാവായ എ.ബി വാജ്‌പേയിലെ യു.എന്നിലെ ഇന്ത്യൻ ദൗത്യസംഘത്തിന്റെ തലവനാക്കിയ റാവുവിന്റെ മാതൃകയാണു രാഷ്ട്രീയത്തിൽ പിന്തുടരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എക്‌സിലൂടെയാണ് ഹർഷ ഭോഗ്‌ലെയുടെ പ്രതികരണം. ''നരസിംഹ റാവുവും മൻമോഹൻ സിങ്ങും നയിച്ച ഉദാരവൽക്കരണ പരിപാടികളിൽനിന്ന് എന്റെ തലമുറ എണ്ണമറ്റ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ആ നേട്ടങ്ങളെല്ലാം (അവരുടെ) ആത്മവിശ്വാസത്തെ മാറ്റിമറിച്ചു. ബുദ്ധിവൈഭവവും ആത്മവിശ്വാസവും നിറഞ്ഞ ആ തലമുറ നമുക്കെല്ലാം സ്വപ്‌നം കാണാനാകുന്നതിനും അപ്പുറത്തേക്ക് ഇന്ത്യയെ കൊണ്ടെത്തിക്കുകയും ചെയ്തു. ക്രിക്കറ്റിൽ എതിരാളികൾക്ക് ഗാർഡ് ഓഫ് ഓണർ നൽകാറുണ്ട്. 90കളുടെ പാതി കൊണ്ടുവന്ന മാറ്റങ്ങൾക്ക് മൻമോഹൻ സിങ്ങിനോട് എല്ലാവരും നന്ദി പറയേണ്ട സമയമാണിത്.''ഭോഗ്‌ലെ കുറിച്ചു. ഞാൻ രാഷ്ട്രീയം പിന്തുടരുന്ന ആളല്ല. എന്നാൽ, കശ്മീരുമായി ബന്ധപ്പെട്ട് യു.എന്നിൽ നടന്ന നിർണായകമായൊരു സംവാദത്തിൽ ഇന്ത്യൻ ദൗത്യസംഘത്തെ നയിക്കാൻ മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവു, അന്നത്തെ പ്രതിപക്ഷ നേതാവ് അടൽ ബിഹാരി വാജ്‌പേയിയെ ക്ഷണിച്ച സംഭവം എന്റെ പ്രിയപ്പെട്ടൊരു കഥയാണ്. വാജ്‌പേയി ആ ക്ഷണം സ്വീകരിക്കുകയും രാഷ്ട്രത്തിന്റെ വലിയ നന്മയ്ക്കായി രാഷ്ട്രീയ ഭിന്നതകൾ മാറ്റിവയ്ക്കുകയും ചെയ്തു. എല്ലാ അഭിപ്രായ വ്യത്യാസങ്ങൾക്കുമിടയിലും ബഹുമാനത്തോടെയും ആദരവോടെയും ജീവിക്കാനാകുക എന്നത് മനോഹരമാണെന്നും ഹർഷ ഭോഗ്‌ലെ കൂട്ടിച്ചേർത്തു.