ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനൽ; കാണാൻ മോദി എത്തും, കളിക്ക് മുന്നോടിയായി വ്യോമാഭ്യാസ പ്രകടനം
ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനൽ മത്സരം കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. ഇക്കാര്യം ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സ്ഥിരീകരിച്ചു. അഹമ്മദാബാദിൽ ‘നരേന്ദ്ര മോദി സ്റ്റേഡിയ’ത്തിൽ ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ടുമണിക്കാണ് ഫൈനൽ മത്സരം. ഓസ്ട്രേലിയയുടെ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാൽസും മത്സരം കാണാനെത്തും. മത്സരത്തിനുമുൻപ് ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ ഏയ്റോബിക് സംഘത്തിന്റെ വ്യോമാഭ്യാസവും സ്റ്റേഡിയത്തിനു മുകളിൽ ഉണ്ടാകും. 2011ലെ ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ – പാക്കിസ്ഥാൻ മത്സരം കാണാൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പോയിരുന്നു. അന്ന് പാക്ക് പ്രധാനമന്ത്രിയായിരുന്ന റാസ ഗിലാനിയും എത്തിയിരുന്നു. 12 വർഷങ്ങൾക്കുശേഷമാണ് ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ എത്തിയിരിക്കുന്നത്. 1983ലും 2011ലും ഇന്ത്യ ലോകകപ്പ് നേടിയിരുന്നു.