ഡൽഹിയിലെ ബസുകളിൽ കർട്ടനും അനധികൃത സൺ ഫിലിമിനും വിലക്ക്.
സ്ത്രീസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ നിർദേശങ്ങളുമായി ഡൽഹി സർക്കാർ. ബസുകളിലെ കർട്ടനുകൾ നീക്കം ചെയ്യണമെന്നും അനധികൃത ഫിലിം ഉപയോഗിക്കരുതെന്നും ഗതാഗത വകുപ്പ് നിർദേശിച്ചു. പാനിക് ബട്ടണും യാത്രക്കാരെ നിരീക്ഷിക്കുന്ന സംവിധാനവും എല്ലായ്പ്പോഴും പ്രവർത്തനക്ഷമമായിരിക്കണമെന്നും നിർദേശമുണ്ട്.
ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജീവനക്കാർ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നാലെയാണ് നടപടി. ബസിന്റെ ജനലുകളിൽ കർട്ടനുകൾ ഉണ്ടായിരുന്നതിനാൽ പുറത്തുനിന്നുള്ള കാഴ്ച തടസ്സപ്പെട്ടിരുന്നു. 2012ലെ നിർഭയ കേസിന് പിന്നാലെ നിർബന്ധമാക്കിയ ക്യാമറാ സംവിധാനവും പ്രവർത്തനക്ഷമമായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
ഓഗസ്റ്റ് നാലിന് രാത്രിയായിരുന്നു സംഭവം. ഗ്രേറ്റർ നോയിഡയിൽ നിന്ന് ബസിൽ കയറിയ പെൺകുട്ടിയെ അതിക്രമത്തിന് ശേഷം ഡ്രൈവറും കണ്ടക്ടറും കാശ്മീരി ഗേറ്റിന് സമീപം ഉപേക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്.
ഡൽഹിയിൽ സർവീസ് നടത്തുന്ന എല്ലാ ബസുകൾക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ബസുകൾക്കും പുതിയ നിർദേശങ്ങൾ ബാധകമാണ്. പാനിക് ബട്ടൺ യാത്രക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാനാകുന്ന വിധത്തിലായിരിക്കണം. പ്രവർത്തനക്ഷമമായ അഗ്‌നിശമന ഉപകരണവും പ്രഥമശുശ്രൂഷാ കിറ്റും എല്ലാ ബസുകളിലും നിർബന്ധമാണ്. രാത്രിയിലും ബസ് ഉപയോഗിക്കാത്ത സമയത്തും സുരക്ഷിതവും മതിയായ വെളിച്ചമുള്ളതുമായ അംഗീകൃത സ്ഥലങ്ങളിൽ മാത്രമേ ബസുകൾ പാർക്ക് ചെയ്യാവൂ എന്നും നിർദേശിച്ചിട്ടുണ്ട്.
