ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക്; കേരളത്തിൽ താപനില കുറഞ്ഞു

  1. Home
  2. National

ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക്; കേരളത്തിൽ താപനില കുറഞ്ഞു

ditva


അതിശക്തമായ ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ തമിഴ്‌നാട് തീരത്ത് എത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പുതുച്ചേരി, ആന്ധ്രാ തീരങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കേരളത്തിൽ താപനില കുറഞ്ഞിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, ശ്രീലങ്കയിൽ ഡിറ്റ് വാ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമാണുണ്ടാക്കിയത്. മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം നൂറ് കടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. രാജ്യത്ത് രണ്ട് ലക്ഷത്തിലധികം പേർ ദുരിതബാധിതരായി. കെലനി നദിയിലെ ജലനിരപ്പ് ഉയർന്നതോടെ കൊളംബോ നഗരം പ്രളയഭീഷണിയിലാണ്.

രാജ്യത്ത് മിക്ക സ്കൂളുകളും അടച്ചിടുകയും കൊളംബോ തുറമുഖം താൽക്കാലികമായി അടക്കുകയും ചെയ്തു. 700-ൽ അധികം വീടുകൾ പൂർണമായും തകർന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ കപ്പലുകൾ ശ്രീലങ്കൻ തീരത്ത് എത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. 'ഓപ്പറേഷൻ സാഗർ ബന്ധു' എന്ന ദൗത്യത്തിലൂടെയാണ് ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ്. വിക്രാന്തും രംഗത്തുണ്ട്.