'മുറസു' ചുഴലിക്കാറ്റ് ദക്ഷിണ ആന്ധ്രാതീരത്ത് കരതൊട്ടു; കനത്ത മഴയും ശക്തമായ കാറ്റും, വിമാന-ട്രെയിൻ സർവീസുകൾ റദ്ദാക്കി

  1. Home
  2. National

'മുറസു' ചുഴലിക്കാറ്റ് ദക്ഷിണ ആന്ധ്രാതീരത്ത് കരതൊട്ടു; കനത്ത മഴയും ശക്തമായ കാറ്റും, വിമാന-ട്രെയിൻ സർവീസുകൾ റദ്ദാക്കി

cyclone murasu


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'മുറസു' ചുഴലിക്കാറ്റ് ദക്ഷിണ ആന്ധ്രാപ്രദേശ് തീരത്ത് കരതൊട്ടു. ചൊവ്വാഴ്ച പുലർച്ചെ ഒംഗോളിന് സമീപം നെല്ലൂരിനും നരസാപുരത്തിനും ഇടയിലൂടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിച്ചത്. കരതൊടുന്ന സമയത്ത് മണിക്കൂറിൽ 100 മുതൽ 120 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശിലും അയൽ സംസ്ഥാനങ്ങളിലും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

സുരക്ഷ മുൻനിർത്തി ആന്ധ്രാപ്രദേശിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള 19 വിമാന സർവീസുകളും നിരവധി ട്രെയിൻ സർവീസുകളും അധികൃതർ റദ്ദാക്കി. വൈദ്യുതി വിതരണം തടസ്സപ്പെടുന്നത് അടിയന്തരമായി പരിഹരിക്കാൻ ദുരന്തനിവാരണ സേനയെയും അധിക ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്. ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു നിർദ്ദേശം നൽകി. പൽനാട്, പ്രകാശം, മർക്കാപുരം, കൃഷ്ണ, ഗുണ്ടൂർ, നെല്ലൂർ ജില്ലകളിൽ കനത്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്.

ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പുതുച്ചേരിയിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ബുധനാഴ്ച രാവിലെ വരെ തമിഴ്‌നാട്, ആന്ധ്രാ തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ബീച്ചുകളിലേക്കുള്ള സന്ദർശനം ഒഴിവാക്കണമെന്നും കടലിൽ പോയ തൊഴിലാളികൾ ഉടൻ തിരിച്ചെത്തണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.