വിഗ്രഹം തൊട്ട് അശുദ്ധമാക്കിയെന്ന് ആരോപണം; ദളിത് ബാലന് 60,000 രൂപ പിഴ ചുമത്തിയ സംഭവത്തിൽ എട്ടുപേർക്കെതിരേ കേസ്

  1. Home
  2. National

വിഗ്രഹം തൊട്ട് അശുദ്ധമാക്കിയെന്ന് ആരോപണം; ദളിത് ബാലന് 60,000 രൂപ പിഴ ചുമത്തിയ സംഭവത്തിൽ എട്ടുപേർക്കെതിരേ കേസ്

temple


ബെംഗളൂരു കോലാർ ജില്ലയിൽ ഗ്രാമദേവതയുടെ വിഗ്രഹം അശുദ്ധമാക്കിയെന്നാരോപിച്ച് ദളിത് ബാലന് 60,000 രൂപ പിഴചുമത്തി. പിന്നാലെ ഗ്രാമപ്പഞ്ചായത്ത് മുൻപ്രസിഡന്റ് ഉൾപ്പെടെ എട്ടാളുടെപേരിൽ മാസ്തി പോലീസ് കേസെടുത്തു. മാലൂർ താലൂക്കിലെ ഉള്ളെരഹള്ളിയിലാണ് സംഭവം. പ്രദേശത്തെ ഭൂതമ്മ ക്ഷേത്രത്തിലെ ഗ്രാമദേവതയുടെ വിഗ്രഹത്തിലും ദണ്ഡിലും സ്പർശിച്ചതിനാണ് പത്താംക്ലാസ് വിദ്യാർഥിക്ക് 60,000 രൂപ പിഴയിട്ടത്. സെപ്റ്റംബർ എട്ടിനായിരുന്നു സംഭവം. കഴിഞ്ഞദിവസം കുട്ടിയുടെ അമ്മ ശോഭ പോലീസിൽ പരാതിനൽകിയതോടെയാണ് പുറത്തറിഞ്ഞത്.

ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള പ്രദക്ഷിണം നടക്കുന്നതിനിടെ കുട്ടി വിഗ്രഹത്തിലും ദണ്ഡിലും സ്പർശിച്ചുവെന്ന് പോലീസ് പറഞ്ഞു. പിറ്റേന്ന് ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് നാരായണസ്വാമി, വെങ്കടേഷപ്പ തുടങ്ങിയവർ കുട്ടിയെയും കുടുംബത്തെയും വിളിപ്പിച്ച് 60,000 രൂപ പിഴയടയ്ക്കണമെന്ന് പറഞ്ഞു. ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിച്ചതിനാൽ ക്ഷേത്രം വൃത്തിയാക്കണമെന്നും പെയിന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

പ്രദക്ഷിണസമയത്ത് നിലത്തുവീണ ദണ്ഡ് മകൻ എടുത്തുകൊടുക്കുകയാണ് ചെയ്തതെന്ന് ശോഭ പറഞ്ഞു. ഈ കാരണത്താൽ നാരായണസ്വാമിയും സംഘവും മകനെ മർദിച്ചു. ഒക്ടോബർ ഒന്നിനകം 60,000 രൂപ നൽകിയില്ലെങ്കിൽ കുടുംബത്തെ ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പുനൽകിയതായും ശോഭ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.