തെരുവുനായ ആക്രമണം തടയാൻ അപകടകാരികളായ നായകളെ ദയാവധം ചെയ്യാമെന്ന് സുപ്രീം കോടതി

  1. Home
  2. National

തെരുവുനായ ആക്രമണം തടയാൻ അപകടകാരികളായ നായകളെ ദയാവധം ചെയ്യാമെന്ന് സുപ്രീം കോടതി

stray dog


രാജ്യത്തെ തെരുവുനായ പ്രശ്നത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. അപകടകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാമെന്ന് കോടതി വ്യക്തമാക്കി. തെരുവുനായകൾക്കെതിരെ നടപടി എടുക്കുന്ന മുനിസിപ്പൽ ജീവനക്കാർക്ക് നിയമപരമായ സംരക്ഷണം നൽണം എന്ന് കോടതി നിർദേശിച്ചു.ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.ജെ. അൻജാരിയ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.

സ്‌കൂളുകൾ, കോളേജുകൾ തുടങ്ങിയ സ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന തെരുവുനായകളെ പിടികൂടി വന്ധ്യംകരണത്തിന് ശേഷം ശുശ്രൂഷാ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും കോടതി നിർദേശിച്ചു. പിടികൂടുന്ന സ്ഥലത്തുതന്നെ വീണ്ടും തുറന്നുവിടണമെന്ന മുൻ നിർദേശത്തിൽ ഇടപെടാൻ കോടതി തയ്യാറായില്ല.
പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന അവകാശമാണെന്നും, ഏതെങ്കിലും ജീവിയെ പേടിച്ച് ജനങ്ങൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തെരുവുനായ പ്രശ്നത്തിൽ സർക്കാരുകൾ മൗനമായി തുടരരുതെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.

മൃഗജനന നിയന്ത്രണ ചട്ടങ്ങൾ പൂർണമായി നടപ്പാക്കിയിരുന്നെങ്കിൽ നിലവിലെ പ്രതിസന്ധി ഒഴിവാക്കാനായേനെയെന്നും കോടതി നിരീക്ഷിച്ചു. എല്ലാ ജില്ലകളിലും കുറഞ്ഞത് ഒരു മൃഗജനന നിയന്ത്രണ കേന്ദ്രമെങ്കിലും വേണമെന്നും ജനസാന്ദ്രത കൂടുതലുള്ള മേഖലകളിൽ കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും നിർദേശിച്ചു. പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കാനും കോടതി നിർദേശമുണ്ട്.
ദേശീയപാതകൾ, മറ്റ് റോഡുകൾ, അതിവേഗ പാതകൾ എന്നിവിടങ്ങളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെയും മറ്റ് മൃഗങ്ങളെയും മാറ്റുന്നതിനുള്ള നടപടികളും സ്വീകരിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.