മകൾക്ക് അയൽവാസിയുമായി പ്രണയം; മകളെ പിതാവ് കൊലപ്പെടുത്തി, ശരീര ഭാഗങ്ങൾ വെട്ടിമുറിച്ചു

  1. Home
  2. National

മകൾക്ക് അയൽവാസിയുമായി പ്രണയം; മകളെ പിതാവ് കൊലപ്പെടുത്തി, ശരീര ഭാഗങ്ങൾ വെട്ടിമുറിച്ചു

death


 

അയൽവാസിയായ യുവാവുമായി പതിനെട്ടുകാരിയായ മകൾക്ക് പ്രണയം. മകളെ കൊലപ്പെടുത്തി ശരീര ഭാഗങ്ങൾ വെട്ടിമുറിച്ച് പിതാവ്. ഉത്തർ പ്രദേശിലെ ബഹ്‌റൈച്ചിലാണ് സംഭവം. കർഷകനായ 42കാരന്റെ വീടിന്റെ പരിസരത്താണ് മകളുടെ മൃതദേഹം ചിന്നിചിതറിയ നിലയിൽ കണ്ടെത്തിയത്. നേരത്തെ രണ്ട് തവണ അയൽവാസിയായ യുവാവിനൊപ്പം മകൾ ഒളിച്ചോടിയിരുന്നു. 

മകളുടെ പ്രണയ ബന്ധം അംഗീകരിക്കാൻ തയ്യാറാവാതിരുന്നതിന് പിന്നാലെയാണ് 42കാരൻ പതിനെട്ടുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്. മൂർച്ചയേറിയ ആയുധം കൊണ്ട് കൊലപ്പെടുത്തിയ ശേഷം മകളുടെ മൃതദേഹം ആറ് ഭാഗങ്ങളാക്കി മുറിച്ചാണ് ഇയാൾ വീടിന് പുറത്തിട്ടത്. ഇയാളുടെ നാല് മക്കളിൽ മൂത്തയാളാണ് കൊല്ലപ്പെട്ട 18കാരിയായ ഖുഷ്ബു. അമ്മയും സഹോദരങ്ങളും ബന്ധുവീട്ടിൽ പോയ സമയത്തായിരുന്നു കൊലപാതകം നടന്നത്. ഇവർ തിരികെ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. 

പിന്നാലെ വീട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോൾ മകളുടെ മൃതദേഹ ഭാഗങ്ങൾ സമീപത്ത് ഇരിക്കുന്ന നിലയിലായിരുന്നു  അച്ഛനുണ്ടായിരുന്നത്. ഇയാളെ അറസ്റ്റ് ചെയ്ത പൊലീസ് മകളുടെ മൃതദേഹഭാഗങ്ങൾ പോസ്റ്റ് മോർട്ടത്തിന് അയച്ചു. ബഹ്‌റൈച്ച് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. മകളുടെ പ്രണയം മറ്റ് മക്കൾക്ക് നാണക്കേടുണ്ടാക്കുമെന്ന ആശങ്കയാണ് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് ഇയാൾ പൊലീസിനോട് വിശദമാക്കിയത്. 18കാരി നേരത്തെ ഒളിച്ചോടിയ യുവാവിനെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.