മകളെ ബലാത്സംഗം ചെയ്ത സംഭവം പോലീസ് ഒതുക്കിതീർത്തു: മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്തു

  1. Home
  2. National

മകളെ ബലാത്സംഗം ചെയ്ത സംഭവം പോലീസ് ഒതുക്കിതീർത്തു: മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്തു

RAPE CASE


പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവം കേസ് ആക്കാതെ ഒതുക്കി തീർത്തതിൽ മനംനൊന്ത്  ദലിത് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. യുപിയിലെ പിലിഭിത്ത് ജില്ലയിലാണ് സംഭവം ഉണ്ടായത്. പ്രതികൾക്കെതിരെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും കേസെടുക്കാതെ പെണ്‍കുട്ടിയെ മാത്രം വിളിച്ചുവരുത്തി കേസ് ഒത്തുതീര്‍പ്പാക്കിയതിനാലാണ് പിതാവ് ആത്മഹത്യ ചെയ്തത്.

മേയ് 9ന് കൃഷിസ്ഥലത്ത് പണിയെടുക്കുന്ന പിതാവിനെ കാണാൻ പോകുമ്പോഴായിരുന്നു 11 വയസുള്ള പെണ്‍കുട്ടിയെ 20 വയസ് പ്രായമുള്ള മൂന്നു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. അടുത്ത ദിവസം തന്നെ പിതാവ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് പകരം പോലീസ് ചില ബന്ധുക്കളുടെ സാന്നിധ്യത്തിൽ കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ ഈ വിവരം അറിഞ്ഞിരുന്നില്ല.

ബുധനാഴ്ച രാത്രി അമരിയയിലാണ് പിതാവിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പ്രതികളായ രാഹുൽ, ദിനേശ്, രോഹിത് എന്നിവര്‍ക്കെതിരെ ഐപിസി സെക്ഷൻ 363 (തട്ടിക്കൊണ്ടുപോകൽ), 376 (ബലാത്സംഗം), 342 (തെറ്റായ തടവിൽ), 120-ബി (ക്രിമിനൽ ഗൂഢാലോചന), 306 (പ്രേരണ) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് അമരിയ എസ്.എച്ച്.ഒ മുകേഷ് ശുക്ല വ്യക്തമാക്കി. രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ മൂന്നാമത്തെ പ്രതി ഒളിവിലാണ്. പെൺകുട്ടിയുടെ മൃതദേഹം വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമരിയ പൊലീസ് സ്റ്റേഷന്റെ ഭാഗത്തുനിന്ന് ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് എസ്പി അതുൽ ശർമ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എ.എസ്.പി അനിൽ കുമാർ യാദവിനോട് ഉത്തരവിട്ടതായും അടുത്ത രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു. തന്‍റെ സഹോദരിയെ ബലം പ്രയോഗിച്ച് ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ട് രാത്രി മുഴുവന്‍ ബലാത്സംഗം ചെയ്തതായി സഹോദരന്‍റെ പരാതിയില്‍ പറയുന്നു. പൊലീസിനെ അറിയിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചതിന് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് അഭിഭാഷകനായ അശ്വിനി അഗ്നിഹോത്രി പറഞ്ഞു.