മാനനഷ്ട കേസ്; യൂട്യൂബർ ധ്രുവ് റാഠിക്ക് എതിരെ ജാമ്യമില്ലാ വാറണ്ട്
യൂട്യൂബർ ധ്രുവ് റാഠിക്ക് എതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി. 2018-ലെ ക്രിമിനൽ മാനനഷ്ട കേസിലാണ് നടപടി. 'ഐ സപ്പോർട്ട് നരേന്ദ്ര മോദി' എന്ന ഫേസ്ബുക്ക് പേജിന്റെ സ്ഥാപകനായ വികാസ് പാണ്ഡേ ഫയൽ ചെയ്ത കേസിലാണ് ഈ ഉത്തരവ്. നിലവിൽ ജർമ്മനിയിലുള്ള റാഠി ഇക്കഴിഞ്ഞ ഒക്ടോബറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തിയിരുന്നു.
പാണ്ഡേയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വാദം കേട്ടതിന് പിന്നാലെ സാകേത് കോടതി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അനും രായിസ് ഖാനാണ് വാറണ്ട് പുറപ്പെടുവിച്ചത്. 'ബി.ജെ.പി ഐ.ടി സെൽ പാർട്ട് 2' എന്ന തലക്കെട്ടിൽ റാഠി പുറത്തിറക്കിയ വീഡിയോയിൽ തനിക്കെതിരെ വ്യാജവും അപമാനകരവുമായ ആരോപണങ്ങൾ ഉന്നയിച്ചെന്നാണ് വികാസ് പാണ്ഡേ പരാതിയിൽ പറയുന്നത്. ഈ വീഡിയോ തന്റെ സത്പേരിനെ സാരമായി ബാധിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുന്നതിന് മുമ്പ് സമൻസും രണ്ട് വാറണ്ടുകളും റാഠിക്കെതിരെ കോടതി പുറപ്പെടുവിച്ചിരുന്നു. കേസിന്റെ അടുത്ത വാദം കോടതി ഡിസംബർ മൂന്നിന് കേൾക്കും.
