70 രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ; ഭാരത് ഉച്ചകോടിക്ക് ഹൈദരാബാദിൽ നാളെ തുടക്കം
കോൺഗ്രസ് സംഘടിപ്പിക്കുന്ന ഭാരത് ഉച്ചകോടിയുടെ രണ്ടാം പതിപ്പിന് ഹൈദരാബാദിൽ നാളെ തുടക്കമാകുന്നു. 70 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം പ്രമുഖ ചിന്തകരും നയതന്ത്രജ്ഞരും രാഷ്ട്രീയ നേതാക്കളും പങ്കാളികളാകുന്ന മൂന്ന് ദിവസത്തെ ഉച്ചകോടിക്ക് തെലങ്കാന സർക്കാരാണ് ആതിഥേയത്വം വഹിക്കുന്നത്.
ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ, ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണം, ഗ്ലോബൽ സൗത്ത്-നോർത്ത് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം എന്നിവയാണ് സമ്മേളനത്തിന്റെ പ്രധാന ചർച്ചാവിഷയങ്ങൾ. 12 അന്താരാഷ്ട്ര സെഷനുകളും തെലങ്കാനയുടെ വികസനം മുൻനിർത്തിയുള്ള എട്ട് പ്രത്യേക സെഷനുകളും ഉച്ചകോടിയുടെ ഭാഗമായി നടക്കും. നവംബർ 14-ന് നടക്കുന്ന ജവഹർലാൽ നെഹ്റുവിന്റെ 137-ാം ജന്മവാർഷിക ദിനത്തിൽ രാഹുൽ ഗാന്ധി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമേരിക്ക, ബ്രസീൽ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെ സമീപകാല രാഷ്ട്രീയ മാറ്റങ്ങളും തിരഞ്ഞെടുപ്പ് ഫലങ്ങളും ഉച്ചകോടിയിൽ വിശകലനം ചെയ്യും. സാമ്പത്തിക സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനം, മാധ്യമങ്ങളുടെ റോൾ, യുവജന പങ്കാളിത്തം തുടങ്ങിയ നിർണായക വിഷയങ്ങളിലും സംവാദങ്ങൾ നടക്കും. എല്ലാ വർഷവും ഭാരത് ഉച്ചകോടി സംഘടിപ്പിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.
