ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവം: ഉടമ ഹരിറാം അറസ്റ്റിൽ

  1. Home
  2. National

ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവം: ഉടമ ഹരിറാം അറസ്റ്റിൽ

IMAGE


ഡൽഹിയിലെ സത്യനികേതനിൽ അഞ്ച് നില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ കെട്ടിട ഉടമ ഹരിറാം അറസ്റ്റിൽ. രാജസ്ഥാനിലെ ഭിവാഡിയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഹരിറാമിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു . ഇയാളെ കണ്ടെത്തുന്നതിനായി വിവിധയിടങ്ങളിൽ തിരച്ചിൽ നടത്താൻ പൊലീസ് പത്ത് സംഘങ്ങളെ നിയോഗിച്ചിരുന്നു.സംഭവത്തിൽ ഗുരുതരമായ വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് കടുത്ത നടപടികളിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത അടക്കം വ്യക്തമാക്കിയിരുന്നു.

വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റെ സൗത്ത് സോൺ ഡെപ്യൂട്ടി കമ്മീഷണർ രാകേഷ് കുമാറിനെ സസ്പെൻഡ് ചെയ്തു.’ഹോസ്റ്റൽ ഡേയ്സ്’ എന്നറിയപ്പെട്ടിരുന്ന ഈ കെട്ടിടം ആൺകുട്ടികൾക്കുള്ള പേയിംഗ് ഗസ്റ്റ് താമസസ്ഥലമായാണ് പ്രവർത്തിച്ചിരുന്നത്. കെട്ടിടം തകരുമ്പോൾ നിരവധി വിദ്യാർഥികൾ അവിടെ താമസിക്കുന്നുണ്ടായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സ്നിഫർ നായ്ക്കളെ ഉപയോഗിച്ചുകൊണ്ട് എൻ.ഡി.ആർ.എഫ്, ഡൽഹി പൊലീസ്, അഗ്നിശമന സേന, മറ്റ് ഏജൻസികൾ എന്നിവർ രക്ഷാപ്രവർത്തനവും തിരച്ചിലും തുടരുകയാണ്.അപകടത്തിൽ ഇതുവരെ ഏഴോളം വിദ്യാർഥികൾ മരിച്ചതായാണ് വിവരം. 12 പേരെ കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തിട്ടുണ്ട്. എയിംസ് ആശുപത്രിയിൽ നാലുപേർ ചികിത്സയിലാണ്. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.