പീസ് ബോണ്ട് ഒപ്പിടണമെന്ന നോട്ടീസ്: ഐസ പ്രസിഡന്റ് നേഹ ബോറയുടെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി
ഡൽഹി പൊലീസിന്റെ പീസ് ബോണ്ട് നോട്ടീസ് ചോദ്യം ചെയ്ത് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) ഡൽഹി സംസ്ഥാന പ്രസിഡന്റ് നേഹ ബോറ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചാണ് റിട്ട് ഹർജി നിരസിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഒക്ടോബർ 18-നാണ് ഡൽഹി പൊലീസ് നേഹയ്ക്ക് നോട്ടീസ് അയച്ചത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (BNSS) 126, 130, 135(3) വകുപ്പുകൾ പ്രകാരമായിരുന്നു പൊലീസിന്റെ നടപടി.
പ്രദേശത്ത് സമാധാനം നിലനിർത്തുന്നതിനായി 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു ആൾജാമ്യവും ഹാജരാക്കാനായിരുന്നു നോട്ടീസിലെ നിർദ്ദേശം. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശത്തെ തടയാനുള്ള ബോധപൂർവ്വമായ നീക്കമാണിതെന്ന് ആരോപിച്ചാണ് നേഹ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി തള്ളിയെങ്കിലും അന്വേഷണ നടപടികളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് കോടതി നിർദ്ദേശം നൽകി. കേസിനാസ്പദമായ വിവരങ്ങളും രേഖകളും ഹർജിക്കാരിക്ക് കൈമാറണമെന്നും നടപടിക്രമങ്ങൾ കൃത്യമായി പാലിക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു.
